ഈ കാണിക്കുന്നത് ക്രൂരതയാണ്...സഹജീവികളോട് ഇത് ചെയ്യാന്‍ എങ്ങനെ സാധിക്കുന്നു; ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യവുമായി ഗായിക സിത്താര

Update: 2021-05-24 17:56 GMT

കോഴിക്കോട്: മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ ലക്ഷദ്വീപിന്റെ സാംസ്‌കാരിക പാരമ്പര്യത്തെയും സാഹോദര്യത്തെയും തകര്‍ത്ത് അരാജകത്വത്തിലേക്ക് തള്ളിവിടാനുള്ള പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ നടപടികള്‍ക്കെതിരേ സംഗീതലോകത്തുനിന്നും പ്രതിഷേധം. രാഷ്ട്രീയ, സിനിമാ മേഖലകളില്‍നിന്ന് നിരവധി പേരാണ് ദ്വീപിന് പിന്തുണയുമായി രംഗത്തുവന്നത്. സിനിമാ മേഖലയില്‍നിന്ന് സലിം കുമാര്‍, പൃഥ്വിരാജ്, അന്‍സിബ ബസന്‍, ഷെയിന്‍ നിഗം അടക്കമുള്ളവര്‍ പുതിയ പരിഷ്‌കാരത്തിനെതിരേ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.

ഇപ്പോഴിതാ മലയാളത്തിന്റെ പ്രിയ ഗായിക സിത്താര കൃഷ്ണകുമാര്‍ ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം അറിയിച്ച് രംഗത്തുവന്നിട്ടുണ്ട്. ഈ കാണിക്കുന്നത് അത്രയും ക്രൂരതയാണ്!!! ഒരു സൂക്ഷ്മാണുവിന്റെ മുന്നില്‍ തകര്‍ന്നും തളര്‍ന്നും ഈ ലോകം മുഴുവന്‍ ഇരിക്കുമ്പോഴും സഹജീവികളോട് ഇത് ചെയ്യാന്‍ എങ്ങനെ സാധിക്കുന്നു!!.. എന്നായിരുന്നു ഫേസ്ബുക്കിലൂടെ സിത്താര കുറിച്ചത്. ലോകത്ത് പലയിടത്തും പോയിട്ടുണ്ട്. പല കാലത്തായി!!! ഇതുപോലൊരു നാട് മുമ്പും പിമ്പും കണ്ടിട്ടില്ല.

കള്ളമില്ലാത്ത, കളങ്കമില്ലാത്ത, കുറേ ഇടവഴികളും, നല്ല മനുഷ്യരും!!! കരയെന്നാല്‍ അവര്‍ക്ക് കേരളമാണ്! ദ്വീപില്‍നിന്നുള്ള കുട്ടികള്‍ ഏറെയുണ്ടായിരുന്ന ഫാറൂഖ് കോളജില്‍ പഠിച്ചിരുന്നതുകൊണ്ടുതന്നെ പണ്ടേ അറിയാം.. ദ്വീപ് മുട്ടായി പോലെ മധുരമുള്ള അവിടുത്തുകാരുടെ മനസ്സും. സേവ് ലക്ഷദ്വീപ്, ലക്ഷദ്വീപ് ഐലന്റ് എന്ന ഹാഷ് ടാഗോടെയാണ് സിത്താര തന്റെ പിന്തുണ അറിയിച്ചത്.

Full View

Tags: