സൈമണ്‍ ബ്രിട്ടോക്കു യാത്രാമൊഴി; മൃതദേഹം കളമശേരി മെഡിക്കല്‍ കോളജിനു കൈമാറി

തിങ്കളാഴ്ച തൃശൂര്‍ ആശുപത്രിയിലായിരുന്നു സൈമണ്‍ ബ്രിട്ടോ ഹൃദയാഘാതം മൂലം അന്തരിച്ചത്. ചൊവ്വാഴ്ച രാത്രി വടുതലയിലേ വീട്ടിലേക്കു മൃതദേഹം കൊണ്ടുവന്നു.

Update: 2019-01-02 15:02 GMT

കൊച്ചി: കഴിഞ്ഞ ദിവസം അന്തരിച്ച സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ സൈമണ്‍ ബ്രിട്ടോക്കു രാഷ്ട്രീയ കേരളത്തിന്റെ യാത്രാമൊഴി. വടുതലയിലെ വസതിയിലും പിന്നീട് എറണാകുളം ടൗണ്‍ ഹാളിലും പൊതുദര്‍ശനത്തിനുവെച്ച മൃതദേഹം കാണാന്‍ നിരവധി പേരാണ് ഒഴുകിയെത്തിയത്. മാതാവ് ഐറീന്‍ റോഡ്രിഗ്‌സ്, ഭാര്യ സീന, മകള്‍ കയീനില എന്നിവരുടെ സ്‌നേഹ ചുംബനങ്ങള്‍ക്കുശേഷം മൃതദേഹം അദ്ദേഹത്തിന്റെ ആഗ്രഹംപോലെ കളമശേരി മെഡിക്കല്‍ കോളജിനു കൈമാറി. സിപിഎം ജില്ല സെക്രട്ടറി സി എന്‍. മോഹനനില്‍നിന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. പീറ്റര്‍ സി വാഴയിലും ആര്‍എംഒ ഡോ. ഗണേഷ് മോഹനും ചേര്‍ന്ന് സൈമണ്‍ ബ്രിട്ടോയുടെ മൃതദേഹം ഏറ്റുവാങ്ങി.

തിങ്കളാഴ്ച തൃശൂര്‍ ആശുപത്രിയിലായിരുന്നു സൈമണ്‍ ബ്രിട്ടോ ഹൃദയാഘാതം മൂലം അന്തരിച്ചത്. ചൊവ്വാഴ്ച രാത്രി വടുതലയിലേ വീട്ടിലേക്കു മൃതദേഹം കൊണ്ടുവന്നു. ഇന്ന് രാവിലെ ഏഴേകാലോടെ മുഖ്യമന്തി പിണറായി വിജയന്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ബ്രിട്ടോയുടെ അമ്മ ഐറീനെയും ഭാര്യ സീന ഭാസ്‌കറിനെയും മകള്‍ കയീനിലയെയും ആശ്വസിപ്പിച്ച മുഖ്യമന്ത്രി അല്‍പ്പനേരം അവിടെ ചെലവഴിച്ചശേഷമാണ് മടങ്ങിയത്. മന്ത്രിമാരായ ഇ പി ജയരാജന്‍, കടകംപള്ളി സുരേന്ദ്രന്‍, ജെ മേഴ്‌സിക്കുട്ടിയമ്മ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എം വി ജയരാജന്‍, ചലച്ചിത്രതാരം പത്മശ്രീ ഭരത് മമ്മൂട്ടി തുടങ്ങി നിരവധിപ്പേര്‍ വീട്ടിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചു.രാവിലെ 11 ഓടെ വടുതലയില്‍നിന്ന് വിലാപയാത്രയായി മൃതദേഹം ടൗണ്‍ഹാളിലേക്കു കൊണ്ടുവന്നു. ജനപ്രതിനിധികള്‍, രാഷ്ട്രീയ, സാംസ്‌കാരിക, സാമുഹ്യ പ്രവര്‍ത്തകര്‍, സഹപ്രവര്‍ത്തകര്‍, പഴയകാല എസ്എഫ്‌ഐ നേതാക്കള്‍, പൗരപ്രമുഖര്‍ എന്നിവര്‍ക്കൊപ്പം സമൂഹത്തിന്റെ വിവിധ മേഖലയില്‍നിന്നുള്ളവര്‍ അന്ത്യാഞ്ജലിയര്‍പ്പിക്കാനെത്തി. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍, ജസ്റ്റിസ് വി കെ മോഹനന്‍, നടന്‍മാരായ ഇന്ദ്രന്‍സ്, അനൂപ് ചന്ദ്രന്‍, സംവിധായകരായ രാജീവ് രവി, അമല്‍ നീരദ്, സ്വാമി അഗ്നിിവേശ് അടക്കമുള്ളവര്‍ ടൗണ്‍ഹാളില്‍ എത്തി ആദരാഞ്ജലിയര്‍പ്പിച്ചു.തുടര്‍ന്ന് പോലീസിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി സംസ്ഥാനം ആദരം അര്‍പ്പിച്ചു. മൃതദേഹം കമളമശേരി മെഡിക്കല്‍ കോളജിനു കൈമാറിയതിനു ശേഷം അനുശോചന യോഗവും നടന്നു




Tags: