സില്‍വര്‍ലൈന്‍; വായ്പ നിഷേധിച്ചത് യുഡിഎഫ് ഭരിക്കുന്ന ബാങ്ക്: വി എന്‍ വാസവന്‍
യുഡിഎഫ് ഭരിക്കുന്ന മാടപ്പള്ളി സഹകരണ സംഘമാണ് ഇപ്പോള്‍ കല്ലിട്ട ഭൂമിക്ക് വായ്പ നിഷേധിച്ചത്.
തിരുവനന്തപുരം: സില്‍വര്‍ലൈന് വേണ്ടി സര്‍വേ കല്ല് സ്ഥാപിച്ച ഭൂമിക്ക് സഹകരണ ബാങ്കുകള്‍ വായ്പ നിഷേധിച്ചിട്ടില്ലെന്ന് സഹകരണ വകുപ്പ് മന്ത്രി വിഎന്‍ വാസവന്‍. പദ്ധതിക്ക് വേണ്ടി ഭൂമി ഏറ്റെടുക്കല്‍ ആരംഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ബാങ്കുകള്‍ക്ക് വായ്പ നിഷേധിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഭൂമി ഏറ്റെടുത്തിട്ട് ഇല്ലാത്തതിനാല്‍ വായ്പ നല്‍കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ പ്രത്യേക ഉത്തരവിറക്കേണ്ട ആവശ്യമില്ല. യുഡിഎഫ് ഭരിക്കുന്ന മാടപ്പള്ളി സഹകരണ സംഘമാണ് ഇപ്പോള്‍ കല്ലിട്ട ഭൂമിക്ക് വായ്പ നിഷേധിച്ചത്. അവിടെ എന്താണ് സംഭവിച്ചത് എന്ന് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.
അതേ സമയം യുഡിഎഫ് ഭരിക്കുന്ന സഹകരണ ബാങ്ക് വായ്പ നിഷേധിച്ചുവെന്ന ആരോപണത്തില്‍ പ്രതികരിച്ച് വിഡി സതീശന്‍ രംഗത്തെത്തി. സര്‍ക്കാര്‍ പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കുന്ന നടപി ആരംഭിച്ചാല്‍ ഒരു ബാങ്കും വായ്പ നല്‍കില്ല. വായ്പ നല്‍കണമെങ്കില്‍ സര്‍ക്കാര്‍ ഉത്തരവിറക്കണം. എന്നിട്ടും വായ്പ നല്‍കിയില്ലെങ്കില്‍ സര്‍ക്കാരിന് നടപടി എടുക്കാമെന്നും അദ്ദേഹം പ്രതികരിച്ചു.