സില്‍വര്‍ ലൈന്‍ പദ്ധതി: മുഖ്യമന്ത്രി വിളിച്ച പൗരപ്രമുഖരുടെ യോഗം ഇന്ന്

Update: 2022-01-04 02:22 GMT

കോഴിക്കോട്: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച പൗരപ്രമുഖരുടെ യോഗം ഇന്ന് ആരംഭിക്കും. ആദ്യ യോഗം തിരുവനന്തപുരത്ത് രാവിലെ 11 മണിക്കാണ് ചേരുന്നത്. പദ്ധതിക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കും. സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരേ പ്രതിപക്ഷത്തിന്റെയും പൊതുജനങ്ങളുടെ ഭാഗത്തുനിന്നും ഉയരുന്ന വിമര്‍ശനം തണുപ്പിക്കുന്നതിന് വേണ്ടിയാണ് സമവായ ശ്രമവുമായി മുഖ്യമന്ത്രി തന്നെ നേരിട്ടിറങ്ങുന്നത്. തിരുവനന്തപുരം ജില്ലയിലെ പൗരപ്രമുഖരുടെ യോഗം ഇന്ന് രാവിലെ 11 ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കും.

സില്‍വര്‍ ലൈന്‍ ബാധിക്കുന്ന 11 ജില്ലകളിലും മുഖ്യമന്ത്രി നേരിട്ടെത്തിയാണ് വിശദീകരണ യോഗങ്ങള്‍ നടത്തുന്നത്. സെമിനാര്‍ അടുത്തയാഴ്ച കൊച്ചിയിലും അതിനടുത്ത ദിവസങ്ങളില്‍ മറ്റ് ജില്ലകളിലും യോഗം ചേരും. പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും മുഖ്യമന്ത്രി യോഗത്തില്‍ വിശദീകരിക്കും. കെ റെയില്‍ വരേണ്യവര്‍ഗത്തിന്റെ പദ്ധതിയാണെന്ന് പ്രതിപക്ഷ വിമര്‍ശനത്തിനും മുഖ്യമന്ത്രിയുടെ മറുപടിയുണ്ടാവും. പൗരപ്രമുഖരുടെ യോഗങ്ങള്‍ക്ക് ശേഷം ഈ മാസം പകുതിയോടെ രാഷ്ട്രീയ പാര്‍ട്ടികളുടെയും ജനപ്രതിനിധികളുടെയും മാധ്യമസ്ഥാപനങ്ങളുടെ മേധാവികളുടെയും യോഗവും ചേരാനാണ് സര്‍ക്കാര്‍ ആലോചന.

പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി ഉത്തരം തരുന്നില്ലെന്നും ചര്‍ച്ചയില്‍ പങ്കെടുക്കുന്ന കാര്യം യുഡിഎഫ് ആലോചിച്ച് തീരുമാനിക്കുമെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ അറിയിച്ചിട്ടുണ്ട്. നിയമസഭയില്‍ പുറത്തും ചര്‍ച്ച കൂടാതെ സില്‍വര്‍ ലൈനില്‍ സര്‍ക്കാര്‍ വാശിപിടിക്കുന്നുവെന്നായിരുന്നു എതിര്‍പ്പ് ഉയര്‍ത്തുന്നവരുടെ പ്രധാന പരാതി. പ്രതിപക്ഷവും സമരസമിതിയും പ്രതിഷേധം കടുപ്പിക്കുകയും ഇടതുപക്ഷത്തുനിന്നും ശാസ്ത്ര സാഹിത്യ പരിഷത്ത് അടക്കം എതിര്‍പ്പ് ആവര്‍ത്തിക്കുകയും സിപിഎമ്മിലും എല്‍ഡിഎഫിലും ഭിന്നാഭിപ്രായം ഉയരുകയും ചെയ്തതോടെയാണ് മുഖ്യമന്ത്രി ചര്‍ച്ചക്ക് മുന്‍കൈയെടുക്കുന്നത്.

Tags:    

Similar News