കൊച്ചി കപ്പല്‍ശാല നിര്‍മ്മിക്കുന്ന ബോട്ടുകളില്‍ സീമെന്‍സ് സാങ്കേതികവിദ്യ

കൊച്ചി മെട്രോയ്ക്ക് വേണ്ടി കൊച്ചി കപ്പല്‍ശാല നിര്‍മ്മിക്കുന്ന 23 ബോട്ടുകളിലാണ് സീമെന്‍സ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നത്. ഇലട്രിക് പ്രൊപല്‍ഷന്‍ ഡ്രൈവ് ട്രെയിന്‍, എനര്‍ജി സ്റ്റോറേജ് ഇന്റഗ്രേഷന്‍ (ബാറ്ററി) യന്ത്രവല്‍ക്കരണ സാങ്കേതികവിദ്യകള്‍ എന്നിവ ഉപയോഗിച്ച് ബോട്ടുകളെ സജ്ജമാക്കുന്ന ജോലികളാണ് കമ്പനി ചെയ്യുക

Update: 2020-12-19 11:54 GMT

കൊച്ചി: ഇന്ത്യയില്‍ ആദ്യമായി ഇലട്രിക് പ്രൊപല്‍ഷനും ബാറ്ററി സംയോജിത സാങ്കേതികവിദ്യയും സാമന്വയിപ്പിച്ചു കൊച്ചി കപ്പല്‍ശാല നിര്‍മ്മിക്കുന്ന അത്യാധുനിക ബോട്ടുകളിലെ ന്യൂതന സാങ്കേതികവിദ്യകളും അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കുന്നതിന് ഊര്‍ജ്ജ സാങ്കേതിക മേഖലയിലെ സ്ഥാപനമായ സീമെന്‍സിനെ തിരഞ്ഞെടുത്തു.കൊച്ചി മെട്രോയ്ക്ക് വേണ്ടി കൊച്ചി കപ്പല്‍ശാല നിര്‍മ്മിക്കുന്ന 23 ബോട്ടുകളിലാണ് സീമെന്‍സ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതെന്ന് അധികൃതര്‍ പറഞ്ഞു.ഇലട്രിക് പ്രൊപല്‍ഷന്‍ ഡ്രൈവ് ട്രെയിന്‍, എനര്‍ജി സ്റ്റോറേജ് ഇന്റഗ്രേഷന്‍ (ബാറ്ററി) യന്ത്രവല്‍ക്കരണ സാങ്കേതികവിദ്യകള്‍ എന്നിവ ഉപയോഗിച്ച് ബോട്ടുകളെ സജ്ജമാക്കുന്ന ജോലികളാണ് കമ്പനി ചെയ്യുക.

ആധുനിക സാങ്കേതികവിദ്യകള്‍ സ്ഥാപിക്കുന്നതിലൂടെ ബോട്ടുകളുടെ ഇന്ധനക്ഷമതയും പ്രവര്‍ത്തനക്ഷമതയും വര്‍ധിക്കുന്നതിനും പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനും സഹായിക്കും. കൂടാതെ ബോട്ടുകളുടെ സുരക്ഷിതത്വവും കര്യക്ഷമതയും ലക്ഷ്യം വച്ചുകൊണ്ട് ബോട്ടുജെട്ടികളില്‍ ആധുനിക സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിനും സീമെന്‍സിനെ ചുമതലപ്പടുത്തിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. നൂതന സമുദ്ര പ്രശ്‌ന പരിഹാരങ്ങളും ഓട്ടോമേഷന്‍ സാങ്കേതികവിദ്യകളും സുരക്ഷമെച്ചപ്പെടുത്തുന്നതിനും നിര്‍ണായക പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും ഉയര്‍ന്ന പ്രവര്‍ത്തനക്ഷമതയും ഉല്‍പാദനക്ഷമതയും ആഗോള സാങ്കേതിക നേതാവായ സീമെന്‍സുമായുള്ള സഹകരണത്തിലൂടെ നേടാനാകുമെന്നു കൊച്ചി കപ്പല്‍ശാല ലിമിറ്റഡ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മധു എസ് നായര്‍ അഭിപ്രായപ്പെട്ടു.

തങ്ങളുടെ ന്യൂതനവും അത്യാധുനികവുമായ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ബോട്ടുകള്‍ നവീകരിക്കാന്‍ കൊച്ചി ഷിപ്പ് യാര്‍ഡുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഡീകാര്‍ബണൈറ്റിനോടും പരിസ്ഥിതി സുസ്ഥിരതയോടും ഞങ്ങള്‍ക്കുള്ള പ്രതിബദ്ധതയും ഈ പദ്ധതി ഏറ്റെടുത്തത്തിലൂടെ കാണിക്കുന്നുണ്ടന്നും സീമെന്‍സ് ലിമിറ്റഡ് എനര്‍ജി ഹെഡ് ഗെര്‍ഡ് ഡ്യുസ്സര്‍ പറഞ്ഞു .

Tags: