സിദ്ദീഖ് കാപ്പൻ വിഷയം പൗരാവകാശ പ്രശ്നമായി പൊതു സമൂഹം ഏറ്റെടുത്ത് പ്രതികരിക്കണം: എസ്എസ്എഫ്
ഹൃദ്രോഗവും പ്രമേഹവും കാരണം നേരത്തെ തന്നെ ആരോഗ്യ പ്രശ്നങ്ങളുള്ള അദ്ദേഹത്തിന് കൊവിഡ് കൂടി ബാധിച്ചത് ജീവൻ തന്നെ അപകടത്തിലാക്കിയിട്ടുണ്ട്.
കോഴിക്കോട്: സിദ്ദീഖ് കാപ്പൻ വിഷയം പൗരാവകാശ പ്രശ്നമായി പൊതു സമൂഹം ഏറ്റെടുത്ത് പ്രതികരിക്കണമെന്ന് എസ്എസ്എഫ്. ഉത്തർപ്രദേശ് ജയിലിൽ കഴിയുന്ന മാധ്യമ പ്രവർത്തകനും കേരള പത്രപ്രവർത്തക യൂനിയൻ ഡൽഹി ഘടകം സെക്രട്ടറിയുമായ സിദ്ദീഖ് കാപ്പൻ കൊവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നുവെന്ന വാർത്തയാണ് അറിയുന്നതെന്ന് പ്രസ്താവനയിൽ പറഞ്ഞു.
യുപിയിലെ ഹാഥ്റസിൽ ബലാത്സംഗ കൊലക്കിരയായ ദലിത് പെൺകുട്ടിയുടെ വീട് സന്ദർശിക്കാനുള്ള യാത്രക്കിടെ പോലിസ് പിടികൂടിയ കാപ്പനെ രാജ്യദ്രോഹമടക്കമുള്ള വിവിധ കുറ്റങ്ങൾ അന്യായമായി ചുമത്തി ജയിലിലടക്കുകയായിരുന്നുവെന്ന് സംഭവത്തെ സൂക്ഷമമായി നിരീക്ഷിക്കുമ്പോൾ വ്യക്തമാണ്.
ഹൃദ്രോഗവും പ്രമേഹവും കാരണം നേരത്തെ തന്നെ ആരോഗ്യ പ്രശ്നങ്ങളുള്ള അദ്ദേഹത്തിന് കൊവിഡ് കൂടി ബാധിച്ചത് ജീവൻ തന്നെ അപകടത്തിലാക്കിയിട്ടുണ്ട്. ഉത്തർപ്രദേശിലെ ആരോഗ്യ സംവിധാനങ്ങൾ എത്ര മാത്രം മോശമാണെന്നത് അവിടെ നിന്നും വരുന്ന റിപോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.
ജീവവായുവിന് വേണ്ടി അലമുറയിടുന്ന ഒരു ദേശത്ത് യുഎപിഎ ചുമത്തപ്പെട്ട് ജയിലിൽ കിടക്കുന്ന ഒരു വ്യക്തിക്ക് ആവശ്യമായ പരിചരണം ലഭിക്കില്ലെന്നുറപ്പാണ്. അത്തരമൊരു സാഹചര്യത്തിൽ അദ്ദേഹത്തിന് മെച്ചപ്പെട്ട ചികിൽസ ലഭ്യമാക്കാനും ഡൽഹിയിലേക്ക് ചികിൽസ മാറ്റാനും ആവശ്യമായ ഇടപെടലുകൾ ബന്ധപ്പെട്ടവരിൽ നിന്ന് ഉണ്ടാകണം. കേരള സർക്കാരും രാഷ്ട്രീയ പാർട്ടികളും ജനപ്രതിനിധികളും അതിനു വേണ്ട സമ്മർദ്ദം ശക്തമാക്കണം.
കുറ്റവാളികൾക്കു പോലും നീതിനിഷേധിക്കപ്പെടരുതെന്ന തത്വം നിലനിൽക്കുന്ന നമ്മുടെ നാട്ടിൽ നിരപരാധിയെന്ന് വിശ്വസിക്കപ്പെടുന്ന വ്യക്തിക്ക് നീതി ലഭ്യമാകാതെ പോകരുത്. ഭരണകൂട ഭീകരതയുടെ ഇരകളാകാൻ വിധിക്കപ്പെട്ടവരുടെ മനുഷ്യാവകാശങ്ങൾക്ക് വേണ്ടി പൊതുവികാരം ശക്തമായി ഉയരേണ്ടതുണ്ട്. ഇതൊരു പൗരാവകാശ പ്രശ്നമായി പൊതു സമൂഹം ഏറ്റെടുത്ത് പ്രതികരിക്കണമെന്നും പ്രസ്താവനയിൽ പറഞ്ഞു.
