എടിഎമ്മുകളില്‍ പണക്ഷാമം; ഈ ആഴ്ച ബാങ്ക് പ്രവര്‍ത്തിക്കുന്നത് തിങ്കളും വ്യാഴവും മാത്രം
ഉത്രാടം, തിരുവോണം, ശ്രീനാരായണഗുരു ജയന്തിദിനമായ ചതയം എന്നീ ദിവസങ്ങളിലും രണ്ടാം ശനിയാഴ്ചയായ 14 നും ബാങ്ക് പ്രവര്‍ത്തിക്കില്ല.
തിരുവനന്തപുരം: ഓണം അവധിയോടനുബന്ധിച്ച് ഈ ആഴ്ച ബാങ്ക് തുറക്കുന്നത് തിങ്കളും വ്യാഴവും മാത്രം. ഈ ദിവസങ്ങളില്‍ ഇടപാടുകാരുടെ തിരക്കുണ്ടാവും. ഓണാവധി തുടങ്ങിയതോടെ പല എടിഎമ്മുകളില്‍ പണക്ഷാമം നേരിടുന്നുണ്ട്. ഉത്രാടം, തിരുവോണം, ശ്രീനാരായണഗുരു ജയന്തിദിനമായ ചതയം എന്നീ ദിവസങ്ങളിലും രണ്ടാം ശനിയാഴ്ചയായ 14 നും ബാങ്ക് പ്രവര്‍ത്തിക്കില്ല. 15ന് ഞായറാഴ്ചയുമാണ്.
9ന് തിങ്കളാഴ്ച മുഹ്‌റം ആണെങ്കിലും അവധി ബാങ്കുകള്‍ക്ക് ബാധകമല്ല. മൂന്നാം ഓണമായ വ്യാഴാഴ്ചയും ബാങ്ക് പ്രവര്‍ത്തിക്കും. ശനിയാഴ്ച രാത്രി മുതല്‍ പലയിടങ്ങളിലും എടിഎമ്മില്‍ പണമില്ല. പ്രവൃത്തിദിവസമായ തിങ്കളാഴ്ച എടിഎമ്മില്‍ പണം നിറയ്ക്കും. അവധി ദിവസമായ ചൊവ്വയും വെളളിയും എടിഎമ്മുകളില്‍ പണം നിറയ്ക്കാന്‍ ഏജന്‍സികള്‍ക്ക് എസ്ബിഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തുടര്‍ച്ചയായ ഓണാവധിക്കുശേഷം സര്‍ക്കാര്‍ ഓഫിസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും 16ന് തുറക്കും.