നവകേരള ബസിനുനേരെ ഷൂ ഏറ്; കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ നരഹത്യാ ശ്രമത്തിന് കേസ്

Update: 2023-12-11 05:38 GMT

കൊച്ചി: പെരുമ്പാവൂരില്‍ നവകേരള സദസ്സില്‍ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രിയും മന്ത്രിമാരും പോയ ബസിനുനേരെ ഷൂ എറിഞ്ഞ കേസില്‍ നാലു പേര്‍ അറസ്റ്റില്‍. ജിബിന്‍ ദേവകുമാര്‍, ജെയ്ഡന്‍, ബേസില്‍ വര്‍ഗീസ് എന്നിവരാണ് അറസ്റ്റിലായത്. കെ.എസ്.യു സംസ്ഥാന സെക്രട്ടറിയാണ് ബേസില്‍ വര്‍ഗീസ്.

ഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ നിലവില്‍ കേസെടുത്തിരിക്കുന്നത്. മനഃപൂര്‍വമായ നരഹത്യാശ്രമം ചൂണ്ടിക്കാട്ടി. ഐ.പി.സി. 308, ഐ.പി.സി. 353, ഐ.പി.സി. 283 എന്നീ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും മരണം വരെ സംഭവിച്ചേക്കാവുന്ന കുറ്റകൃത്യമാണ് ചെയ്തിരിക്കുന്നതെന്നും എഫ്.ഐ.ആറില്‍ ആരോപിക്കുന്നു.




ഞായറാഴ്ച വൈകീട്ടാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിനുനേരെ ഷൂ ഏറുണ്ടായത്. പെരുമ്പാവൂരില്‍നിന്നു കോതമംഗലത്തെ നവകേരള സദസ്സിനായി പോകും വഴിയാണ് ഓടയ്ക്കാലിയിലെത്തിയപ്പോള്‍ ഏറുണ്ടായത്. സംഭവത്തില്‍ രണ്ട് കെ.എസ്.യു. പ്രവര്‍ത്തകരെ കുറുപ്പംപടി പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു.



ഷൂ ഏറിനോട് കോതമംഗലത്തും മൂവാറ്റുപുഴയിലും നടന്ന നവകേരള സദസ്സുകളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അതിരൂക്ഷമായാണ് പ്രതികരിച്ചത്. ഏറിനൊക്കെ പോയാല്‍ പിന്നെ അതിന്റേതായ നടപടികള്‍ പിന്നാലെ വരും. നാട്ടുകാര്‍ ഏറ്റെടുക്കണമെന്നല്ല പറഞ്ഞത്. അവര്‍ സംയമനം പാലിക്കുകയാണ്. അതുതന്നെയാണ് വേണ്ടതും. പക്ഷേ, ഏറുകാര്‍ക്കെതിരേ സ്വാഭാവിക നടപടികള്‍ വരുമ്പോള്‍ പിന്നെ വിലപിച്ചിട്ടു കാര്യമില്ല. നാടിനോടുള്ള വെല്ലുവിളിയാണെന്നതും ഇത്തരക്കാര്‍ മനസ്സിലാക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.









Tags:    

Similar News