സ്വർണക്കടത്ത്: എം ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റ് ചെയ്‌തേക്കും

സ്വര്‍ണക്കടത്ത് നടന്ന ദിവസങ്ങളില്‍ രണ്ടാംപ്രതി സ്വപ്‌ന സുരേഷ് മണിക്കൂറുകളോളം ശിവശങ്കറിന്റെ ഫ്ലാറ്റ് പരിധിയിലുണ്ടായിരുന്നെന്നു മൊബൈല്‍ ടവര്‍ സിഗ്‌നലുകള്‍ വ്യക്തമാക്കുന്നതായി സൂചനയുണ്ട്.

Update: 2020-07-17 08:30 GMT

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ഫ്ലാറ്റില്‍ സ്വര്‍ണക്കടത്ത് ഗൂഢാലോചന നടന്നെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് സൂചന. എന്‍ഐഎയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നീക്കമെന്നാണ് വിവരം. സ്വര്‍ണക്കടത്ത് നടന്ന ദിവസങ്ങളില്‍ രണ്ടാംപ്രതി സ്വപ്‌ന സുരേഷ് മണിക്കൂറുകളോളം ശിവശങ്കറിന്റെ ഫ്ലാറ്റ് പരിധിയിലുണ്ടായിരുന്നെന്നു മൊബൈല്‍ ടവര്‍ സിഗ്‌നലുകള്‍ വ്യക്തമാക്കുന്നതായി സൂചനയുണ്ട്. സ്വര്‍ണം പിടികൂടിയ ദിവസം സ്വപ്‌ന രണ്ടരമണിക്കൂറോളം ഫ്ലാറ്റിലുണ്ടായിരുന്നെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.

കഴിഞ്ഞ അഞ്ചിനാണു യുഎഇ കോണ്‍സുലേറ്റിലേക്കുള്ള ബാഗില്‍നിന്നു കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണര്‍ രാമമൂര്‍ത്തി സ്വര്‍ണം പിടികൂടിയത്. ആസമയം ശിവശങ്കറിന്റെ വാടക ഫ്ലാറ്റിനു സമീപമുള്ള പഞ്ചനക്ഷത്ര ഹോട്ടലായ ഹില്‍ട്ടണ്‍ ഗാര്‍ഡനിലായിരുന്നു സ്വപ്‌ന. ആദ്യം സ്വര്‍ണം കടത്തിയ 24നു രാവിലെ 10നും ഉച്ചയ്ക്ക് ഒന്നിനും വൈകിട്ട് അഞ്ചുമുതല്‍ ആറേകാല്‍വരെയും സ്വപ്‌ന ഈ ടവര്‍ പരിധിയിലായിരുന്നു. 22, 23 തീയതികളിലും അവര്‍ ഇവിടെയുണ്ടായിരുന്നു. സ്വര്‍ണക്കടത്ത് പിടികൂടിയ കഴിഞ്ഞ അഞ്ചിനു രാവിലെ ഒന്‍പതുമുതല്‍ ഉച്ചയ്ക്ക് 12.30 വരെ സ്വപ്‌ന ഇതേ പരിധിയിലുണ്ടായിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ശിവശങ്കര്‍ താമസിക്കുന്ന ഇതേ ഫ്ലാറ്റ് സമുച്ചയത്തിലാണു സ്വപ്‌നയുടെ ഭര്‍ത്താവും ഫ്ലാറ്റ് വാടകയ്‌ക്കെടുത്തത്. ശിവശങ്കറിനെ കസ്റ്റംസ് പ്രിവന്റീവ് സംഘം ഇന്നു വീണ്ടും ചോദ്യം ചെയ്യുമെന്നാണു സൂചന. കൊച്ചിയിലെ കസ്റ്റംസ് കമ്മിഷണര്‍ ഓഫീസിലായിരിക്കും ചോദ്യം ചെയ്യൽ. വീണ്ടും ചോദ്യം ചെയ്യുന്നതിനായി ശിവശങ്കറിനെ കൊച്ചിയിലേക്കു വിളിപ്പിക്കും.

Tags: