കപ്പല്‍ പാത കേരള തീരത്ത് നിന്നും 50 നോട്ടിക്കല്‍ മൈല്‍ അകലെ കൂടി നടപ്പിലാക്കണം:കേരള ഫിഷറീസ് കോ ഓര്‍ഡിനേഷന്‍ കമ്മറ്റി

കേരളത്തിന്റെ അഭിപ്രായങ്ങള്‍ വേണ്ട രീതിയില്‍ പരിഗണിക്കാതെയാണ് കേന്ദ്ര സര്‍ക്കാര്‍ ഈ തീരുമാനവുമായി മുന്നോട്ട് പോയതെന്നും ഫിഷറീസ് കോ ഓര്‍ഡിനേഷന്‍ കമ്മറ്റി ചൂണ്ടിക്കാട്ടി.ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഏറ്റവും കൂടുതല്‍ മല്‍സ്യ ഉല്‍പാദനശേഷിയുള്ള മേഖലയാണിത്.കടലിലേയ്ക്ക് ഒഴുകിയെത്തുന്ന നദികളാല്‍ സമ്പുഷ്ടമായതിനാലാണ് ഇവിടെ മല്‍സ്യോല്‍പാദനം കൂടുതല്‍ ഉണ്ടാവുന്നത്.രാജ്യത്ത് ഏറ്റവും കൂടുതല്‍ മല്‍സ്യബന്ധന യാനങ്ങളും ഈ മേഖലയിലാണ്

Update: 2020-08-01 10:05 GMT

കൊച്ചി:മല്‍സ്യത്തൊഴിലാളികളുടെ സംരക്ഷണത്തിനും, തൊഴിലാളികളുടെ മല്‍സ്യബന്ധനാവകാശം സംരക്ഷിക്കുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍ ആഗസ്റ്റ് ഒന്ന് മുതല്‍ നടപ്പിലാക്കുന്ന കപ്പല്‍ പാത കേരള തീരത്ത് നിന്നും 50 നോട്ടിക്കല്‍ മൈല്‍ അകലെ കൂടി നടപ്പിലാക്കണമെന്ന് കേരള ഫിഷറീസ് കോ ഓര്‍ഡിനേഷന്‍ കമ്മറ്റി.കേരളത്തിന്റെ അഭിപ്രായങ്ങള്‍ വേണ്ട രീതിയില്‍ പരിഗണിക്കാതെയാണ് കേന്ദ്ര സര്‍ക്കാര്‍ ഈ തീരുമാനവുമായി മുന്നോട്ട് പോയതെന്നും ഫിഷറീസ് കോ ഓര്‍ഡിനേഷന്‍ കമ്മറ്റി ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഏറ്റവും കൂടുതല്‍ മല്‍സ്യ ഉല്‍പാദനശേഷിയുള്ള മേഖലയാണിത്.കടലിലേയ്ക്ക് ഒഴുകിയെത്തുന്ന നദികളാല്‍ സമ്പുഷ്ടമായതിനാലാണ് ഇവിടെ മല്‍സ്യോല്‍പാദനം കൂടുതല്‍ ഉണ്ടാവുന്നത്.രാജ്യത്ത് ഏറ്റവും കൂടുതല്‍ മല്‍സ്യബന്ധന യാനങ്ങളും ഈ മേഖലയിലാണ്. ഏകദേശം 38,000 മല്‍സ്യബന്ധന യാനങ്ങളാണ് ഇവിടെയുള്ളതെന്ന് കണക്കുകള്‍ വെളിവാക്കുന്നു. നിര്‍ദ്ദിഷ്ട കപ്പല്‍ പാത ഈ മേഖലയ്ക്ക് വളരെ അടുത്തുകൂടി പോകുന്നതിനാല്‍ കപ്പുകളും ബോട്ടുകളും ഇടിച്ചുണ്ടാകുന്ന അപകടങ്ങള്‍ ഇനിയും വര്‍ധിക്കുന്നതിനാണ് സാധ്യത.അതിനാല്‍ തന്നെ കേരളത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കണമെന്നും ഫിഷറീസ് കോ ഓര്‍ഡിനേഷന്‍ കമ്മറ്റി ആവശ്യപ്പെട്ടു.

കപ്പല്‍ പാത ദൂരേയ്ക്ക് മാറ്റുമ്പോള്‍ മാത്രമാണ് പരമ്പരാഗത മല്‍സ്യബന്ധന യാനയങ്ങള്‍ക്ക് കൂടുതല്‍ സ്ഥലം ലഭിക്കുകയുള്ളു. കേരളത്തില്‍ ലഭിക്കുന്ന മല്‍സ്യത്തിന്റെ 90 ശതമാനവും അന്‍പത് നോട്ടിക്കല്‍ മൈലിനുള്ളില്‍ നിന്നുമാണ്.നിര്‍ദ്ദിഷ്ട കപ്പല്‍ പാതയുമായി ബന്ധപ്പെട്ട് മല്‍സ്യ മേഖലയുടെ ആശങ്കകള്‍ കേന്ദ്ര സര്‍ക്കാര്‍ മനസ്സിലാക്കണമെന്ന് ടി എന്‍ പ്രതാപന്‍ എം പി ആവശ്യപ്പെട്ടു.ഇത് സംബന്ധിച്ച് നടന്ന പ്രതിഷേധ സമരത്തില്‍ ഹൈബി ഈഡന്‍ എം പി,മുന്‍ എം പി ടി ജെ ആഞ്ചലോസ് , പി പി ചിത്തരഞ്ജന്‍, കുട്ടായി ബഷീര്‍ പങ്കെടുത്തു. 

Tags:    

Similar News