കടലില്‍ പതിച്ച കപ്പല്‍ പൂര്‍ണമായി നീക്കും: കപ്പലില്‍ ഉണ്ടായത് കാല്‍സ്യം കാര്‍ബൈഡുള്ള അഞ്ച് കണ്ടെയ്നറുകള്‍
കൊച്ചി: അറബികടലില്‍ അപകടത്തില്‍പ്പെട്ട കപ്പലും കണ്ടെയ്നറുകളും കടലില്‍നിന്ന് ഉടന്‍ നീക്കംചെയ്യുമെന്ന് ഷിപ്പിങ് മന്ത്രാലയം. കപ്പലില്‍ 643 കണ്ടെയ്നറുകളാണ് ഉണ്ടായിരുന്നത്. ഇവയില്‍ പന്ത്രണ്ട് കണ്ടെയ്നറുകളില്‍ കാല്‍സ്യം കാര്‍ബൈഡും ഒരെണ്ണത്തില്‍ റബ്ബര്‍ രാസവസ്തുക്കളും ആണ് ഉള്ളത്. കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ അഞ്ച് കണ്ടെയ്നറുകളാണ് കപ്പലില്‍നിന്ന് കടലില്‍ പതിച്ചത്. ബാക്കിയുള്ളവ കപ്പലില്‍ തന്നെ ഉള്ളതായാണ് സ്ഥിരീകരിച്ചിട്ടുള്ളതൈന്നും ഷിപ്പിങ് മന്ത്രാലയം വ്യക്തമാക്കി.
കടലില്‍ പതിച്ച കണ്ടെയ്നറുകള്‍ വീണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല. ഈ കണ്ടെയ്നറുകള്‍ വീണ്ടെടുക്കുന്നതിനും കപ്പല്‍ അവിടെനിന്ന് മാറ്റുന്നതിനുമായി മുംബൈയില്‍ നിന്നും, ആവശ്യംവന്നാല്‍ വിദേശത്തുനിന്നും ഏജന്‍സികളുടെ സഹായം തേടുമെന്നും ഷിപ്പിങ് മന്ത്രാലയം വ്യക്തമാക്കി. ജൂലൈ മാസം മൂന്നാം തിയ്യതിക്കുള്ളില്‍ കപ്പലും കണ്ടെയ്നറുകളും പൂര്‍ണമായി നീക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും മന്ത്രാലയം അറിയിച്ചു.
ആവശ്യമായ അനുമതികളുള്ള കപ്പല്‍ തന്നെയാണ് അപകടത്തില്‍പ്പെട്ടത്. കപ്പല്‍ ശരിയായ പാതയില്‍കൂടിയാണ് സഞ്ചരിച്ചിരുന്നത്. കപ്പല്‍ മുങ്ങിയ സംഭവത്തില്‍ ദുരൂഹതയൊന്നുമില്ല. എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് സര്‍വീസ് നടത്തിയിരുന്നത് കപ്പലിന്റെ യന്ത്രതകരാറോ യന്ത്രങ്ങള്‍ ഓപ്പറേറ്റ് ചെയ്യുന്നതില്‍ വന്ന പാളിച്ചയോ ആകാം അപകടത്തിന് കാരണമായതെന്നുമാണ് വിലയിരുത്തല്‍.