കപ്പല്‍ തീപിടിച്ച സംഭവം; കണ്ടെയ്നറുകള്‍ കൊച്ചി, കോഴിക്കോട് തീരത്തടിയും; മുന്നറിയിപ്പ്

കോഴിക്കോട്:കേരള തീരത്ത് അന്താരാഷ്ട്ര കപ്പല്‍ ചാലില്‍ തീപിടിച്ച വാന്‍ഹായ് 503 കപ്പലിലെ കണ്ടെയ്നറുകള്‍ അടുത്ത മൂന്ന് ദിവസത്തില്‍ കൊച്ചിക്കും കോഴിക്കോടിനുമിടയിലെ തീരത്ത് അടിയുമെന്ന് കേന്ദ്ര സമുദ്ര സ്ഥിതി ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കണ്ടെയ്നറുകള്‍ തെക്കുകിഴക്കന്‍ ദിശയില്‍ സഞ്ചരിക്കാനാണ് സാധ്യത. അതിന്റെ ഭാഗമായി ചില കണ്ടെയ്നറുകള്‍ കൊച്ചിക്കും കോഴിക്കോടിനുമിടയിലെ തീരത്തടിയാനാണ് സാധ്യത. കപ്പലില്‍ നിന്നുള്ള എണ്ണപ്പാട കേരള തീരത്തിന്റെ സമാന്തരദിശയില്‍ നീങ്ങാന്‍ സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു.

അതേസമയം, അപകടം നടന്ന കപ്പല്‍ ചാലിന് സമീപമുള്ള മറ്റ് കപ്പലുകള്‍ ജാഗ്രതാനിര്‍ദേശം. സുരക്ഷിതമായ ദൂരത്തില്‍ കടന്നുപോകാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.തീ നിയന്ത്രണവിധേയമായിട്ടില്ലെന്നാണ് വിവരം. കോസ്റ്റ് ഗാര്‍ഡ് ഷിപ്പുകള്‍ക്ക് തീപിടിത്തമുണ്ടായ കപ്പലിനു അടുക്കാന്‍ സാധിക്കുന്നില്ല. തീപിടിച്ച കപ്പലില്‍നിന്നു രക്ഷപ്പെട്ട 18 പേരില്‍ രണ്ടു പേരുടെ നില ഗുരുതരമെന്നാണ് വിവരം. നാല് പേരെ ഇനിയും കണ്ടെത്താനായില്ല. മംഗളൂരുവില്‍നിന്നും ബേപ്പൂരില്‍നിന്നും രണ്ടു വീതം കപ്പലുകളാണ് അപകടം നടന്ന സ്ഥലത്തേക്ക് പോയത്.