പന്തീരാങ്കാവില്‍ സ്വകാര്യ ബാങ്ക് ജീവനക്കാരെ കബളിപ്പിച്ച് 40 ലക്ഷം കവര്‍ന്ന ഷിബിന്‍ ലാല്‍ പിടിയില്‍

Update: 2025-06-13 07:20 GMT

കോഴിക്കോട്: പന്തീരാങ്കാവില്‍ സ്വകാര്യ ബാങ്ക് ജീവനക്കാരെ കബളിപ്പിച്ച് നാല്‍പ്പത് ലക്ഷം രൂപയുമായി കടന്നുകളഞ്ഞ കേസില്‍ പ്രതി പിടിയില്‍. പ്രതി ഷിബിന്‍ ലാല്‍ കോഴിക്കോട് യൂണിവേഴ്‌സിറ്റിയുടെ അടുത്തു നിന്നാണ് പിടിയിലായത്. പണം കണ്ടെത്താനായില്ല. പണം നഷ്ടമായ ഇസാഫ് ബാങ്ക് ശാഖയിലെ എട്ട് ജീവനക്കാരെ പോലിസ് ഇന്നലെ ചോദ്യംചെയ്തിരുന്നു. പണവുമായി പ്രതി ഷിബിന്‍ലാല്‍ കടന്നു കളയാന്‍ ഉപയോഗിച്ച സ്‌കൂട്ടറും കണ്ടെത്തിയിരുന്നു.

പന്തീരാങ്കാവിലെ അക്ഷയ എന്ന ധനകാര്യ സ്ഥാപനത്തില്‍ പണയം വച്ച സ്വര്‍ണ്ണം ടേക്ക് ഓവര്‍ ചെയ്യാന്‍ നാല്‍പത് ലക്ഷം രൂപയുമായി എത്തിയ രാമാനാട്ടുകര ഇസാഫ് ബാങ്ക് ശാഖയിലെ ജീവനക്കാരനില്‍ നിന്നും പണം തട്ടിപ്പറിച്ച് ഷിബിന്‍ സ്‌കൂട്ടറില്‍ കടന്നുകളയുകയായിരുന്നു.

പ്രതിയായ ഷിബിന്‍ ലാല്‍ നാല് ദിവസം മുമ്പാണ് സ്വര്‍ണ്ണപ്പണയം മാറ്റിവയ്ക്കുന്നതിനായി ബാങ്കിലെത്തിയത്. ഷിബിന്‍ ലാലിന്റെ വീട്ടിലെത്തി ഇസാഫ് പ്രതിനിധി വെരിഫിക്കേഷന്‍ നടത്തിയ ശേഷം ഭാര്യയുടെയും ഷിബിന്‍ലാലിന്റെയും പേരില്‍ ബാങ്കില്‍ അക്കൗണ്ട് തുടങ്ങി. ഒളവണ്ണ സര്‍വീസ് സഹകരണ ബാങ്കില്‍ 40 ലക്ഷത്തിന് സ്വര്‍ണ്ണ വായ്പ ഉണ്ടെന്നും ഇസാഫില്‍ പലിശ കുറവായതിനാല്‍ ഇങ്ങോട്ട് മാറ്റണമെന്നുമായിരുന്നു പറഞ്ഞിരുന്നത്.

തുടര്‍ന്നാണ് പണവുമായി ഇസാഫ് ജീവനക്കാര്‍ സഹകരണ ബാങ്കിലേക്ക് പോയത്. ജീവനക്കാര്‍ കാറിലും ഷിബിന്‍ലാല്‍ ബൈക്കിലുമാണ് ബാങ്കിലെത്തിയത്. പണവുമായി ഒരു ജീവനക്കാരന്‍ പുറത്തിറങ്ങിയ സമയത്ത് ഷിബിന്‍ ലാല്‍ എത്തി തട്ടിപ്പറിച്ച് ബൈക്കില്‍ കടന്നുകളയുകയായിരുന്നു. കാറില്‍ പിന്നാലെ പോയെങ്കിലും ഇട റോഡില്‍ കടന്നതിനാല്‍ പിന്തുടരാനായില്ല.

അക്ഷയ ഫൈനാന്‍സിയേഴ്‌സ്എന്ന ധനകാര്യ സ്ഥാപനത്തില്‍ സ്വര്‍ണ്ണം പണയം വെച്ചിട്ടുണ്ടെന്ന വ്യാജരേഖയുണ്ടാക്കിയ പ്രതി ഷിബിന്‍ലാല്‍ ഈ സ്വര്‍ണ്ണം മാറ്റി പണയം വെക്കാന്‍ ഇസാഫ് ബാങ്കിനെ സമീപിച്ചു എന്നായിരുന്നു ആദ്യ ദിവസം പുറത്ത് വന്ന വിവരം. അക്ഷയ ധനകാര്യ സ്ഥാപനത്തിന്റെ പുറത്തുവച്ചാണ് ഷിബിന്‍ലാല്‍ ഇസാഫ് ബാങ്ക് ജീവനക്കാരനായ അരവിന്ദന്റെ പക്കല്‍ നിന്നും പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ച് കടന്നു കളഞ്ഞത്. എന്നാല്‍ പിന്നീട് പോലിസിന് നല്‍കിയ പരാതിയില്‍ പറയുന്നത് അക്ഷയ എന്ന സ്ഥാപനത്തിന് സമീപത്തു തന്നെയുള്ള ഒളവണ്ണ സഹകരണ ബാങ്കില്‍ ഇടപാടുണെന്നാണ് ഷിബിന്‍ലാല്‍ വിശ്വസിപ്പിച്ചെതെന്നും ഇവിടേക്ക് കൊണ്ടുപോയ പണം അക്ഷയ ഫൈനാന്‍സിയേഴ്‌സിന് സമീപത്തുവച്ച് തട്ടിയെടുത്തുവെന്നുമായിരുന്നു. ജീവനക്കാരനില്‍ നിന്നും പണം തട്ടിയെടുത്തപ്പോള്‍ സമീപത്തു തന്നെ മറ്റ് ഏഴു ജീവനക്കാരും ഉണ്ടായിരുന്നു. തട്ടിപ്പറിച്ച ബാഗുമായി പ്രതിക്ക് ഇത്രയും തിരക്കേറിയ സ്ഥലത്തു എങ്ങനെ സ്‌കൂട്ടറില്‍ കടന്നുകളയാന്‍ കഴിഞ്ഞു എന്നതും ആശ്ചര്യമുണ്ടാക്കുന്നതാണ്.