നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ക്ഷണിക്കാത്തതില്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് ശശി തരൂര്‍

Update: 2025-06-19 13:07 GMT

കൊച്ചി: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് തന്നെ ക്ഷണിക്കാത്തതില്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. തിരുവനന്തപുരം എംപിയായ ശശി തരൂരും കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വവും തമ്മിലുള്ള അഭിപ്രായ ഭിന്നത സജീവ ചര്‍ച്ചയാകവെയാണ് തന്നെ ഇലക്ഷന്‍ പ്രചാരണത്തിന് ക്ഷണിക്കാത്തതിലെ എതിര്‍പ്പ് ശശി തരൂര്‍ പ്രകടിപ്പിച്ചത്. നിലമ്പൂരില്‍ വരാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കില്‍ ഉറപ്പായും പോവുമായിരുന്നെന്നും തരൂര്‍ പറഞ്ഞു.

ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ക്ഷണിച്ചിട്ടില്ല എന്നത് സത്യംതന്നെയാണ്. ഞാന്‍ കേരളത്തിന് പുറത്തായിരുന്നു. തിരിച്ച് കേരളത്തില്‍ എത്തിയപ്പോഴും മറ്റു സന്ദേശങ്ങളൊന്നും ലഭിച്ചില്ല. നിലമ്പൂരില്‍ വരാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കില്‍ ഉറപ്പായും പോവുമായിരുന്നു.കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തോട് പലപ്പോഴും അഭിപ്രായവ്യത്യാസമുണ്ടായിട്ടുണ്ടെന്ന് എല്ലാവര്‍ക്കുമറിയാവുന്ന കാര്യമാണെന്നും പക്ഷേ, പാര്‍ട്ടിയോടും പാര്‍ട്ടി പ്രവര്‍ത്തകരോടുമെല്ലാം സൗഹൃദപരമായാണ് മുന്നോട്ടുപോകുന്നതെന്നും ശശി തരൂര്‍ പറഞ്ഞു.

ബിജിപിയിലേക്ക് പോകുന്നു എന്ന് പരക്കെ ഉയരുന്ന അഭ്യൂഹം ശശി തരൂര്‍ തള്ളിക്കളഞ്ഞു. താന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഒരംഗമാണെന്നും എവിടേക്കും പോകുന്നില്ലെന്നും ശശി തരൂര്‍ എംപി വ്യക്തമാക്കി. ഒരു ചുമതല ഏറ്റെടുത്താല്‍ അതില്‍ ആത്മവിശ്വാസത്തോടെയും ഉത്തരവാദിത്വത്തോടെയും പ്രവര്‍ത്തിക്കണം എന്നതാണെന്നും തന്റെ ലൈന്‍ മാറിയിട്ടില്ലെന്നും തരൂര്‍ വ്യക്തമാക്കി. പ്രധാനമന്ത്രിയോട് സംസാരിച്ചത് ഔദ്യോഗിക കാര്യങ്ങള്‍ മാത്രമാണെന്നും ആഭ്യന്തര രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ചയായില്ലെന്നും ശശി തരൂര്‍ വിശദീകരിച്ചു.

നിലമ്പൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും നിലമ്പൂരില്‍ ക്ഷണിക്കാത്തതില്‍ അതൃപ്തി അറിയിക്കുന്നതോടൊപ്പം തരൂര്‍ പറഞ്ഞു. മികച്ച സ്ഥാനാര്‍ത്ഥിയാണ് നിലമ്പൂരില്‍ യുഡിഎഫിനുള്ളതെന്നും മണ്ഡലത്തില്‍ കോണ്‍ഗ്രസ് ജയിക്കണമെന്ന് തന്നെയാണ് ആഗ്രഹമെന്നും തരുവനന്തപുരം എംപി പറഞ്ഞു.




Tags: