പത്രിക സമര്‍പ്പണം ഇനി തിങ്കളാഴ്ച്ച മാത്രം; അഞ്ചിടത്തും സ്ഥാനാര്‍ഥികളെ നിശ്ചയിച്ച് കോണ്‍ഗ്രസ്

പാലായില്‍ അപ്രീക്ഷിത പരാജയമേറ്റുവാങ്ങിയതിന് പിന്നാലെയാണ് യുഡിഎഫ് തിരക്കിട്ട നീക്കത്തിലൂടെ അരൂരിലും കോന്നിയിലും നിലനിന്നിരുന്ന അഭിപ്രായവ്യത്യാസത്തിന് പരിഹാരം കണ്ടിരിക്കുന്നത്. കോന്നിയില്‍ മോഹന്‍ രാജും അരൂരില്‍ ഷാനിമോള്‍ ഉസ്മാനും മത്സരിക്കും.

Update: 2019-09-28 01:14 GMT

തിരുവനന്തപുരം: അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളുടെ കാര്യത്തിലെ അനിശ്ചിതത്വത്തിന് വിരാമമിട്ട് യുഡിഎഫ്. പാലായില്‍ അപ്രീക്ഷിത പരാജയമേറ്റുവാങ്ങിയതിന് പിന്നാലെയാണ് യുഡിഎഫ് തിരക്കിട്ട നീക്കത്തിലൂടെ അരൂരിലും കോന്നിയിലും നിലനിന്നിരുന്ന അഭിപ്രായവ്യത്യാസത്തിന് പരിഹാരം കണ്ടിരിക്കുന്നത്. കോന്നിയില്‍ മോഹന്‍ രാജും അരൂരില്‍ ഷാനിമോള്‍ ഉസ്മാനും മത്സരിക്കും.

വട്ടിയൂര്‍ക്കാവില്‍ കെ മോഹന്‍ കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ച നേതൃത്വം എറണാകുളത്ത് ടിജെ വിനോദിന്റെ കാര്യത്തിലും ധാരണയിലെത്തിയിരുന്നു. മഞ്ചേശ്വരത്ത് എം സി ഖമറുദ്ദീനെ നേരത്തെ തന്നെ ലീഗ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നു. കോന്നിയില്‍ അടൂര്‍പ്രകാശിന്റെയും പ്രാദേശിക നേതാക്കളുടേയും എതിര്‍പ്പ് മറികടന്നാണ് മോഹന്‍രാജിനെ സ്ഥാനാര്‍ത്ഥിയാക്കിയത്. തന്റെ വിശ്വസ്തനായ റോബിന്‍ പീറ്ററിനെയാണ് കോന്നിയിലെ സ്ഥാനാര്‍ത്ഥിയായി അടൂര്‍ പ്രകാശ് മുന്നോട്ട് വച്ചിരുന്നത്.

കടുത്ത മല്‍സരം പ്രതീക്ഷിക്കുന്ന വട്ടിയൂര്‍കാവ് നിലനിര്‍ത്താനുള്ള ദൗത്യം മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ മോഹന്‍കുമാറിനെയാണ് കോണ്‍ഗ്രസ് ഏല്‍പ്പിച്ചിരിക്കുന്നത്. പ്രതിച്ഛായപ്രശ്‌നവും മണ്ഡലത്തില്‍ നിന്നുയര്‍ന്ന എതിര്‍പ്പുകളും കണക്കിലെടുത്താണ് ആദ്യം പരിഗണിച്ചിരുന്ന പീതാംബരക്കുറുപ്പിന്റെ പേര് വെട്ടിയത്. കുറുപ്പിനു വേണ്ടി ശക്തമായി വാദിച്ചിരുന്ന കെ മുരളീധരന്‍ നേതാക്കള്‍ ഇടപെട്ടതോടെ പിന്‍വാങ്ങുകയായിരുന്നു. 

നാലാം ശനിയാഴ്ച്ചയും ഞായറാഴ്ച്ചയും അവധി ആയതിനാല്‍ ഇന്നും നാളെയും പത്രിക സ്വീകരിക്കില്ല. ഇനി പത്രിക സമര്‍പ്പിക്കാന്‍ തിങ്കളാഴ്ച്ച മാത്രമാണ് ബാക്കിയുള്ളത്.

മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് അരൂര്‍ പിടിക്കാനുള്ള ചുമതല ഷാനിമോള്‍ക്ക് കെപിസിസി നല്‍കിയത്. കോന്നി എ ഗ്രൂപ്പ് എടുത്തതോടെയാണ് അരൂര്‍ ഐക്ക് നല്‍കിയത്. ആലപ്പുഴ ഡിസിസി പ്രസിഡന്റ് എം ലിജു മത്സരിക്കാനില്ലെന്ന ലിജു ഉറച്ച നിലപാടെടുത്തതോടെയാണ് ഷാനിമോള്‍ക്ക് അവസരം തെളിഞ്ഞത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ തോറ്റ ഷാനിക്ക് അരൂരില്‍ ഇറങ്ങാന്‍ താല്‍പ്പര്യമുണ്ടായിരുന്നു.

എറണാകുളത്തിനായി കെ വി തോമസ് ശ്രമിച്ചെങ്കിലും ഡിസിസി പ്രസിഡന്റ് ടി ജെ വിനോദ് നേരത്തെ തന്നെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചിരുന്നു. രാത്രി വൈകി കെപിസിസിയില്‍ മുല്ലപ്പള്ളിയും ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ബെന്നി ബെഹന്നാനും നടത്തിയ ചര്‍ച്ചയിലാണ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ധാരണയായത്. കെ സി വേണുഗോപാലുമായും ആശയവിനിമയം നടത്തിയ ശേഷമാണ് പട്ടിക ഹൈക്കമാന്‍ഡിന് കൈമാറിയത്. ഒറ്റപ്പേരുള്ള പട്ടിക നല്‍കിയതിനാല്‍ സാധാരണ നിലയില്‍ ഡല്‍ഹിയില്‍ നിന്നു മാറ്റങ്ങളില്ലാതെ അംഗീകരിക്കുകയാണ് പതിവ്.

Tags:    

Similar News