ഷാജന്‍ സ്‌കറിയയുടെ അറസ്റ്റിന് സ്റ്റേ; എസ്സി-എസ്ടി നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന് കോടതി

ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി പൊലീസിനോട് ആവശ്യപ്പെട്ടു.

Update: 2023-07-10 12:14 GMT

ഡല്‍ഹി: മറുനാടന്‍ എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്കെതിരായ കേസ് എസ്സി എസ്ടി അതിക്രമ നിരോധന നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. അപകീര്‍ത്തിപരമായ പരാമര്‍ശങ്ങളാണ് ഷാജന്‍ സ്‌കറിയ നടത്തിയതെന്ന വാദം അദ്ദേഹം ശരിവച്ചു. ഷാജന്‍ സ്‌കറിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. എന്നാല്‍ ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ സുപ്രീം കോടതി കേസില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് നല്‍കി.

മൂന്നാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്റെ സ്വാതന്ത്ര്യമാണ് കോടതി പരിഗണിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു. വാക്കുകള്‍ നിയന്ത്രിക്കാന്‍ ഷാജന്‍ സ്‌കറിയയെ ഉപദേശിക്കണമെന്ന് അഭിഭാഷകരോട് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. ഹൈക്കോടതി ജാമ്യപേക്ഷ നിരസിച്ചതോടെയാണ് ഷാജന്‍ സ്‌കറിയ സുപ്രീം കോടതിയെ സമീപിച്ചത്. വ്യാജവാര്‍ത്ത നല്‍കി വ്യക്തിപരമായി അധിക്ഷേപിക്കാന്‍ ശ്രമിച്ചെന്ന പിവി ശ്രീനിജിന്‍ എംഎല്‍എയുടെ പരാതിയിലാണ് ഷാജനെതിരായ കേസുകളില്‍ ഒന്ന് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഷാജന്‍ സ്‌കറിയക്കെതിരായ തെരച്ചില്‍ പൊലീസ് തുടരുന്നതിനിടെയാണ് അറസ്റ്റ് തടഞ്ഞുള്ള സുപ്രീം കോടതി ഇടപെടല്‍. കേരള ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തളളിയതോടെ മാധ്യമസ്ഥാപനം റെയ്ഡ് ചെയ്ത് കംപ്യൂട്ടറുകളും ക്യാമറകളും അടക്കം പിടിച്ചെടുത്തിരുന്നു. ജീവനക്കാരുടെ വീടുകളും പരിശോധന നടത്തിയിരുന്നു. ഷാജനെതിരായ കേസിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകരെ വേട്ടയാടുന്ന പൊലീസ് നടപടിക്കെതിരെ കെയുഡബ്യൂജെ അടക്കം രംഗത്തെത്തിയിരുന്നു.

എന്നാല്‍ ഒളിവില്‍ കഴിയുന്ന ഷാജന്‍ സ്‌കറിയയെ കണ്ടെത്താനെന്ന പേരില്‍ പത്തനംതിട്ടയിലെ മാധ്യമപ്രവര്‍ത്തകനായ വിശാഖന്റെ വീട് റെയ്ഡ് ചെയ്ത് മൊബൈല്‍ ഫോണ്‍ അടക്കം പൊലീസ് പിടിച്ചെടുത്ത നടപടിയെ ഹൈക്കോടതി ഇന്ന് വിമര്‍ശിച്ചിരുന്നു. നിയമവിരുദ്ധമായ നടപടി ചോദ്യം ചെയ്ത് വിശാഖന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റീസ് പിവി കുഞ്ഞികൃഷ്ണന്‍ ഇടപെട്ടത്. പ്രതിയല്ലാത്ത ആളുടെ ഫോണ്‍ എങ്ങനെ പിടിച്ചെടുക്കുമെന്ന് കോടതി ചോദിച്ചു. പിടിച്ചെടുത്തത് മാധ്യമപ്രവര്‍ത്തകന്റെ ഫോണാണെന്നും ക്രിമനല്‍ കേസ് പ്രതിയുടേതല്ലെന്നും പറഞ്ഞ കോടതി, മാധ്യമപ്രവര്‍ത്തകന്റെ അടിസ്ഥാനപരമായ അവകാശമാണ് ലംഘിക്കപ്പെട്ടതെന്നും ചൂണ്ടിക്കാട്ടി. പൊലീസിന് ആര്‍ക്കെതിരെയും അന്വേഷണം നടത്താമെന്നും പ്രതിയല്ലാത്ത ആളെ എങ്ങനെ കസ്റ്റഡിയില്‍ എടുക്കുമെന്നും കോടതി ചോദിച്ചു. നടപടികള്‍ പാലിക്കാതെ യാതൊരു കാരണവശാലും മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കരുത്. ഇത്തരത്തില്‍ എല്ലാ മാധ്യമപ്രവര്‍ത്തകരുടെയും ഫോണുകള്‍ പിടിച്ചെടുക്കുമോയെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു. ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി പൊലീസിനോട് ആവശ്യപ്പെട്ടു.





Tags: