ഷഹബാസിന്റെ കൊലപാതകം; ഇന്‍സ്റ്റഗ്രാം ചാറ്റ് പുറത്ത്; ഞാനിന്ന് കൊല്ലും; പറഞ്ഞാ പറഞ്ഞതാ, ഓനിനി കണ്ണൊന്നും ഉണ്ടാവൂല; ഞെട്ടിക്കുന്ന ശബ്ദ സന്ദേശങ്ങള്‍
കോഴിക്കോട്: താമരശ്ശേരിയില്‍ വിദ്യാര്‍ഥി സംഘര്‍ഷത്തിനിടെ പത്താംക്ലാസുകാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നിര്‍ണായക ഇന്‍സ്റ്റഗ്രാം ചാറ്റുകള്‍ പുറത്ത്. ഷഹബാസിനെ കൊല്ലുമെന്നും കൂട്ടത്തല്ലില്‍ ഒരാള്‍ മരിച്ചാലും വലിയ വിഷയമൊന്നും ഇല്ലെന്നും പോലിസ് കേസെടുക്കില്ലെന്നും പറയുന്ന ശബ്ദ സന്ദേശമാണ് പുറത്തുവന്നത്.
ഇന്‍സ്റ്റഗ്രാമിന് പുറമേ വാട്‌സ് ആപ് ഗ്രൂപ്പ് ഉണ്ടാക്കിയും സംഘര്‍ഷത്തിന് ആസൂത്രണം ചെയ്തുവെന്നും വിവരമുണ്ട്. ഗൂഢാലോചന കണ്ടെത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും കൊല്ലപ്പെട്ട ഷഹബാസിന്റെ കുടുംബം ആവശ്യപ്പെട്ടു. അക്രമിച്ചവരില്‍ മുതിര്‍ന്നവര്‍ ഉണ്ടെന്നും ഇവരുടെ കയ്യില്‍ ആയുധങ്ങള്‍ ഉണ്ടായിരുന്നെന്നും കുടുംബം പറയുന്നു.
താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിന്റെ മകന്‍ മുഹമ്മദ് ഷഹബാസ് ആണ് മരണത്തിന് കീഴടങ്ങിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു ഷഹബാസ്. രാത്രി 12.30 ഓടെയാണ് മരണം സ്ഥിരീകരിച്ചത്.
എളേറ്റില്‍ വട്ടോളി എം ജെ ഹയര്‍ സെക്കന്ററി സ്‌കൂളിലെ കുട്ടികളും താമരശ്ശേരി ഹയര്‍ സെക്കന്ററി സ്‌കൂളിലെ കുട്ടികളുമാണ് പരസ്പരം ഏറ്റുമുട്ടിയത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവത്തിന്റെ തുടക്കം. ട്യൂഷന്‍ സെന്ററില്‍ പത്താം ക്ലാസുകാരുടെ ഫെയര്‍വെല്‍ പരിപാടിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഞായറാഴ്ചയായിരുന്നു ട്യൂഷന്‍ സെന്ററിലെ പരിപാടി. ഇതിന്റെ തര്‍ക്കത്തിന്റെ തുടര്‍ച്ചയായിട്ടാണ് വ്യാഴാഴ്ച വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടിയത്.
സംഭവവുമായി ബന്ധപ്പെട്ട് ട്യൂഷന്‍ സെന്ററില്‍ പഠിക്കുന്ന താമരശ്ശേരി ജിവിഎച്ച്എസ്എസിലെ അഞ്ച് പത്താംക്ലാസ് വിദ്യാര്‍ഥികളെ താമരശ്ശേരി പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്നില്‍ ഹാജരാക്കിയ വിദ്യാര്‍ഥികളെ ഇന്നലെ ജാമ്യക്കാര്‍ക്കൊപ്പം വിട്ടയച്ചിരുന്നു. നേരത്തെ വധശ്രമം ചുമത്തിയ കേസില്‍ ഇന്ന് ഐപിസി 302 വകുപ്പ് പ്രകാരമുള്ള കുറ്റങ്ങള്‍ കൂടി ചുമത്തും.
