ഷഹബാസ് കൊലപാതകം; കുറ്റാരോപിതരായ വിദ്യാര്‍ഥികളുടെ പരീക്ഷാഫലം പുറത്ത് വിടരുതെന്ന് കുടുംബം; ബാലാവകാശ കമ്മീഷന് കത്ത് നല്‍കി
കോഴിക്കോട്: താമരശേരിയിലെ പത്താംക്ലാസ് വിദ്യാര്‍ഥി ഷഹബാസിന്റെ കൊലപാതക കേസില്‍ കുറ്റാരോപിതരായ വിദ്യാര്‍ഥികളുടെ പരീക്ഷാഫലം പരീക്ഷാഫലം പുറത്ത് വിടരുതെന്ന് ആവശ്യപ്പെട്ട് ഷഹബാസിന്റെ കുടുംബം രംഗത്ത്. പരീക്ഷാഫലം തടയണമെന്ന് ആവശ്യപ്പെട്ട് കുടുംബം ബാലാവകാശ കമ്മീഷനെ സമീപിച്ചു. വിദ്യാര്‍ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കണമെന്ന് ബാലാവകാശ കമ്മീഷന്‍ ഉത്തരവിട്ടതിന് പിന്നാലെയാണ് ഷഹബാസിന്റെ കുടുംബം പരാതിയുമായി രംഗത്തെത്തിയത്.
താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കുട്ടികളുടെ എസ്എസ്എല്‍സി പരീക്ഷാഫലം ഈ മാസം പതിനെട്ടിനകം പ്രസിദ്ധീകരിക്കണമെന്നാണ് ബാലാവകാശ കമ്മീഷന്‍ ഉത്തരവിട്ടത്. പരീക്ഷാ ഫലം തടഞ്ഞുവച്ച നടപടി ബാലാവകാശ നിയമത്തിന് എതിരാണെന്നും ബാലാവകാശ കമ്മീഷന്‍ പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ ഷഹബാസിന്റെ കുടുംബം പരാതി നല്‍കുകയായിരുന്നു.
പരീക്ഷാ ഫലം തടഞ്ഞതും ഡീ ബാര്‍ ചെയ്തതും നിയമവിരുദ്ധമാണെന്നും കമ്മീഷന്‍ വ്യക്തമാക്കി. പരീക്ഷാ ഫലം തടഞ്ഞുവെക്കണമെങ്കില്‍ പരീക്ഷയില്‍ ക്രമക്കേട് നടക്കണം. എന്നാല്‍ ഈ ആറ് വിദ്യാര്‍ഥികളുടെ കാര്യത്തില്‍ അത്തരം കാര്യങ്ങള്‍ സംഭവിച്ചില്ലെന്നും കമ്മീഷന്‍ നിരീക്ഷിച്ചു. കഴിഞ്ഞ ഫെബ്രുവരി 27നായിരുന്നു ഷഹബാസിനെ താമരശ്ശേരി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചത്. ട്യൂഷന്‍ സെന്ററില്‍ പത്താം ക്ലാസുകാരുടെ ഫെയര്‍വെല്‍ പരിപാടിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണം. തര്‍ക്കത്തിന്റെ തുടര്‍ച്ചയായിട്ടാണ് വ്യാഴാഴ്ച വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടിയത്.
തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ മുഹമ്മദ് ഷഹബാസിനെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിക്കുകയായിരുന്നു. തലച്ചോറില്‍ 70 %ക്ഷതമേറ്റതിനാല്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു വിദ്യാര്‍ഥി ജീവന്‍ നിലനിര്‍ത്തിയിരുന്നത്. പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. പിന്നാലെ ജുവനൈല്‍ ഹോമിലെ പ്രത്യേക പരീക്ഷാ കേന്ദ്രത്തില്‍ വച്ചായിരുന്നു കുറ്റാരോപിതരായ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയത്.
