ഷഹബാസ് കൊലപാതകം; ആറ് പ്രതികളെന്ന് കുറ്റപത്രം

Update: 2025-05-24 14:23 GMT

കോഴിക്കോട്: താമരശേരി ഷഹബാസ് കൊലപാതകത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രായപൂര്‍ത്തിയാകാത്ത ആറ് പേരെ പ്രതി ചേര്‍ത്തുള്ളതാണ് കുറ്റപത്രം. 107 സാക്ഷികളെ ഉള്‍പ്പെടുത്തിയുള്ള കുറ്റപത്രത്തില്‍, ഇന്‍സ്റ്റഗ്രാം ഗ്രൂപ്പിലെ ചാറ്റ് ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകളും സമര്‍പ്പിച്ചിട്ടുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചന സംബന്ധിച്ച് തുടര്‍ അന്വേഷണം നടത്തുമെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെയാണ് കുറ്റപത്രം നല്‍കിയത്.

കൊല്ലപ്പെട്ട ഷഹബാസിന്റെ കുടുംബം തുടക്കം മുതല്‍ തന്നെ പ്രതികളായ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളുടെ ബന്ധുക്കളുടെ പങ്കില്‍ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ കൃത്യത്തില്‍ പ്രതികളുടെ ബന്ധുക്കളാരും നേരിട്ട് പങ്കെടുത്തില്ലെന്ന നിഗമനത്തിലാണ് പോലിസ്. ബന്ധുക്കളുടെയടക്കം പങ്ക് സംബന്ധിച്ച് കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ വ്യക്തത വരുമെന്ന് കരുതുന്നു. മാര്‍ച്ച് 1 നാണ് സഹപാഠികളുടെ ക്രൂരമായ മര്‍ദ്ദനത്തിന് പിന്നാലെ ചികിത്സയിലിരിക്കെ ഷഹബാസ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതികളായ ആറ് പേരും ജുവനൈല്‍ ഹോമിലാണ് ഇപ്പോഴുള്ളത്.




Tags: