സംസ്ഥാനത്തെ പോലിസ് സേനയുടെ കൂറ് ആ‍‍ർഎസ്എസിനോടല്ലെന്ന് ഉറപ്പാക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയണം: ഷാഫി പറമ്പിൽ

യുഎപിഎയും എൻഐഎയും അനാവശ്യമായി കേരളത്തിലേക്ക് വലിച്ചിഴക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്നും പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം ചര്‍ച്ച ചെയ്യുന്ന സമ്മേളനത്തില്‍ ഷാഫി പറമ്പില്‍ പറഞ്ഞു.

Update: 2019-12-31 08:37 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ പോലിസ് സേനയുടെ കൂറ് ആ‍‍ർഎസ്എസിന്റെ ആസ്ഥാനം പ്രവര്‍ത്തിക്കുന്ന നാഗ്പൂരിലല്ലെന്ന് ഉറപ്പാക്കാന്‍ മുഖ്യമന്ത്രിക്ക് സാധിക്കണമെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. യുഎപിഎയും എൻഐഎയും അനാവശ്യമായി കേരളത്തിലേക്ക് വലിച്ചിഴക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്നും പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം ചര്‍ച്ച ചെയ്യുന്ന സമ്മേളനത്തില്‍ ഷാഫി പറമ്പില്‍ പറഞ്ഞു.

ദേശീയ പൗരത്വ രജിസ്റ്റർ, പൗരത്വ ഭേദ​ഗതി നിയമം എന്നിവയിൽ കേന്ദ്രത്തിനെതിരെ അദ്ദേഹം ആഞ്ഞടിച്ചു. ഇന്ത്യൻ ഭരണഘടനയെ തകർക്കാനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നതെന്നും ഇതിനെ ചെറുക്കാൻ എല്ലാവരും ബാദ്ധ്യസ്ഥരാണെന്നും ഷാഫി പറഞ്ഞു. ഹിന്ദുവിനും മുസ്ലിമിനും ക്രിസ്ത്യാനിക്കും പാഴ്‌സിക്കും സിഖുകാരനും ഓരോ വിശുദ്ധ ഗ്രന്ഥങ്ങളുണ്ടെങ്കിലും അവരെല്ലാം ഉള്‍പ്പെട്ട ഭാരതീയന്റെ വിശുദ്ധ ഗ്രന്ഥം ഭരണഘടനയാണ്. ഇതിനെ തകര്‍ക്കാനുള്ള ശ്രമങ്ങൾ എന്ത് വിലകൊടുത്തും ചെറുക്കാനുള്ള ബാധ്യത എല്ലാവര്‍ക്കും ഉണ്ട്. ബിഹാറിലെ കോൺഗ്രസ് നേതാവ് രാകേഷ് കുമാര്‍ യാദവ് ഉൾപ്പടെ എല്ലാവരും വീരചരമം പ്രാപിച്ചത് ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടത്തിനിടയിലാണെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.

Tags:    

Similar News