പഴഞ്ഞി എംഡി കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മിലടിച്ചു; അഞ്ചുപേര്‍ക്ക് പരിക്ക്‌

എസ്എഫ്‌ഐ യൂനിറ്റ് പ്രസിഡന്റ് ബെന്ന, കോളജ് യൂനിയന്‍ ജനറല്‍ സെക്രട്ടറി വിഷ്ണു നാരായണന്‍, ചിറനെല്ലൂര്‍ സ്വദേശി ഉബൈദ്, ചാവക്കാട് സ്വദേശി രാഹുല്‍, പട്ടാമ്പി സ്വദേശി ഫൈസല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

Update: 2019-07-31 04:28 GMT

തൃശൂര്‍: പഴഞ്ഞി എംഡി കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ അടിപിടിയില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. മൂന്ന് വിദ്യാര്‍ഥികളെ കുന്നംകുളം താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്എഫ്‌ഐ യൂനിറ്റ് പ്രസിഡന്റ് ബെന്ന, കോളജ് യൂനിയന്‍ ജനറല്‍ സെക്രട്ടറി വിഷ്ണു നാരായണന്‍, ചിറനെല്ലൂര്‍ സ്വദേശി ഉബൈദ്, ചാവക്കാട് സ്വദേശി രാഹുല്‍, പട്ടാമ്പി സ്വദേശി ഫൈസല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കോളജിന്നു പുറത്തുനിന്നെത്തിയ എസ്എഫ്‌ഐക്കാര്‍ ഇവരെ തന്നെയായിരുന്നു മര്‍ദിച്ചത്. ആരുടെയും നില ഗുരുതരമല്ല.

സംഭവവുമായി ബന്ധപ്പെട്ട് 20 പേര്‍ക്കെതിരേ കുന്നംകുളം പോലിസ് കേസെടുത്തു. കുന്നംകുളം പഴഞ്ഞി എംഡി കോളജിലെ എസ്എഫ്‌ഐ നേതാവിന് കോളജില്‍വച്ച് കഴിഞ്ഞ ദിവസം മര്‍ദനമേറ്റിരുന്നു. തുടര്‍ന്ന് കോളജിലെ മുതിര്‍ന്ന വിദ്യാര്‍ഥികളും ആദ്യവര്‍ഷ വിദ്യാര്‍ഥികളും തമ്മില്‍ വാക്കേറ്റമുണ്ടായി. പിന്നീട് വിദ്യാര്‍ഥികളുടെ രക്ഷകര്‍ത്താക്കളെ വിളിച്ചുവരുത്തി പ്രശ്‌നം പരിഹരിക്കുകയായിരുന്നു. എന്നാല്‍, കാംപസിനകത്ത് വീണ്ടും വാക്കേറ്റമുണ്ടായി. ഇതിന്റെ തുടര്‍ച്ചയായാണ് പുറമെനിന്നുള്ള എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കോളജില്‍ കയറിത്തല്ലിയത്. സംഭവത്തിന് പിന്നില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരാണെന്ന് ബോധ്യപ്പെട്ടാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് സിപിഎം പ്രാദേശിക നേതൃത്വം വ്യക്തമാക്കി.


Tags:    

Similar News