എസ്എഫ്‌ഐ അതിക്രമങ്ങള്‍ക്ക് ഇരയായവരുടെ ഒത്തുചേരല്‍ നാളെ തിരുവനന്തപുരത്ത്

ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ വൈകീട്ട് 3 മണിക്ക് യൂനിവേഴ്‌സിറ്റി കോളജിനു സമീപമാണ് പരിപാടി നടക്കുക. 'എന്താണ് എസ്എഫ്‌ഐയുടെ കാംപസ് ജനാധിപത്യം? അതിജീവിച്ചവര്‍ സംസാരിക്കുന്നു' എന്ന തലക്കെട്ടില്‍ നടക്കുന്ന സംഗമം ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് ഷംസീര്‍ ഇബ്‌റാഹിം ഉദ്ഘാടനം ചെയ്യും.

Update: 2019-08-04 13:49 GMT

തിരുവനന്തപുരം: കേരളത്തിലെ വിവിധ കലാലയങ്ങളില്‍ എസ്എഫ്‌ഐയുടെ അതിക്രമങ്ങള്‍ക്ക് ഇരയാവുകയും അതിനോട് ചെറുത്തു നിന്ന് സംഘടനാപ്രവര്‍ത്തനം നടത്തുകയും ചെയ്തവരുടെ സംഗമം തിങ്കളാഴ്ച തിരുവനന്തപുരത്ത് നടക്കും. ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ വൈകീട്ട് 3 മണിക്ക് യൂനിവേഴ്‌സിറ്റി കോളജിനു സമീപമാണ് പരിപാടി നടക്കുക. 'എന്താണ് എസ്എഫ്‌ഐയുടെ കാംപസ് ജനാധിപത്യം? അതിജീവിച്ചവര്‍ സംസാരിക്കുന്നു' എന്ന തലക്കെട്ടില്‍ നടക്കുന്ന സംഗമം ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് ഷംസീര്‍ ഇബ്‌റാഹിം ഉദ്ഘാടനം ചെയ്യും.

കേരളത്തിലെ 25 ലധികം വരുന്ന കലാലയങ്ങളില്‍ വ്യത്യസ്തകാലയളവുകളില്‍ എസ്എഫ്‌ഐ ഇതര രാഷ്ട്രീയശബ്ദങ്ങളുയര്‍ത്തിയതിന്റെ പേരില്‍ ക്രൂരമായ അതിക്രമങ്ങള്‍ക്ക് ഇരയാവുകയും അതിനെതിരേ ചെറുത്തുനില്‍ക്കുകയും തങ്ങളുടെ രാഷ്ട്രീയനിലപാടുകള്‍ ഉയര്‍ത്തുകയും ചെയ്ത വിദ്യാര്‍ഥികളാണ് സംഗമത്തില്‍ ഒത്തുചേരുക. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജ് വിദ്യാര്‍ഥി അഖിലിനെ എസ്എഫ്‌ഐ യൂനിറ്റ് ഭാരവാഹികള്‍ ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം ഒറ്റപ്പെട്ടതാണെന്ന എസ്എഫ്‌ഐയുടെ വ്യാഖ്യാനത്തിലെ കാപട്യം വെളിവാക്കുന്നതാവും പ്രസ്തുത പരിപാടി.

എല്ലാ കാലത്തും എസ്എഫ്‌ഐ തങ്ങളുടേതല്ലാത്ത രാഷ്ട്രീയശബ്ദങ്ങളെ ഇത്തരത്തില്‍ ഭീഷണികളിലൂടെയും മര്‍ദനങ്ങളിലൂടെയും അപവാദപ്രചരണങ്ങളിലൂടെയും അടിച്ചൊതുക്കാന്‍ തന്നെയാണ് ശ്രമിച്ചിട്ടുള്ളത്. ഇത്തരം സംഭവങ്ങളുടെ ഒരു പരിച്ഛേദമായിരിക്കും ഈ സംഗമമെന്ന് സംഘാടകര്‍ പറഞ്ഞു. കണ്ണൂര്‍, എംജി, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി കാംപസുകള്‍, തൃശൂര്‍, തലശ്ശേരി ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളജുകള്‍, മടപ്പള്ളി, മഹാരാജാസ്, എസ്ഡി കോളജ്, യൂനിവേഴ്‌സിറ്റി കോളജ് തുടങ്ങി കേരളത്തിലെ പ്രമുഖ കാംപസുകളില്‍നിന്നുള്ള ജനാധിപത്യപോരാളികളും പ്രതിനിധികളും പങ്കെടുക്കും.