വയനാട് സ്വദേശിയായ കന്യാസ്ത്രീക്ക് ഇംഗ്ലണ്ടില്‍ പീഡനം; യുവതിയുടെ മനോനില തെറ്റിയതായി മാതാപിതാക്കള്‍

മഠത്തിലെ സഹപ്രവര്‍ത്തകരില്‍ നിന്നും വൈദികരില്‍ നിന്നും ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ നേരിടേണ്ടിവന്നു. ലൈംഗികാക്രമണങ്ങള്‍ ചെറുത്തതോടെ മഠത്തില്‍ യുവതി ഒറ്റപ്പെടുകയായിരുന്നു.

Update: 2019-12-09 15:01 GMT

വയനാട്: വയനാട് സ്വദേശിയായ കന്യാസ്ത്രീ ഇംഗ്ലണ്ടിലെ മീത്തില്‍ പീഡനത്തിരയായി. യുവതി നേരിട്ട ശാരീരിക, മാനസിക പീഡനങ്ങളെ തുടര്‍ന്ന് യുവതിയുടെ മനോനില തെറ്റിയതായി യുവതിയുടെ മാതാപിതാക്കള്‍ പറഞ്ഞു. മഠത്തിലെ സഹപ്രവര്‍ത്തകരും വൈദികരും ചേര്‍ന്നാണ് പീഡിപ്പിച്ചതെന്നും മാതാപിതാക്കള്‍ പറയുന്നു.

വയനാട് നിരവില്‍പ്പുഴ സ്വദേശിയായ യുവതി 18 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇഗ്ലണ്ടിലെ ഗ്ലാസ്സ്‌റ്റെഷേറില്‍ സേവനത്തിനായി പോയത്. മഠത്തിലെ സഹപ്രവര്‍ത്തകരില്‍ നിന്നും വൈദികരില്‍ നിന്നും ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ നേരിടേണ്ടിവന്നു. ലൈംഗികാക്രമണങ്ങള്‍ ചെറുത്തതോടെ മഠത്തില്‍ യുവതി ഒറ്റപ്പെടുകയായിരുന്നു.

പീഡനങ്ങള്‍ സഹിക്കാവുന്നതിലുമപ്പുറമായപ്പോള്‍ മഠത്തില്‍ നിന്ന് പുറത്തു പോകേണ്ട സാഹചര്യമുണ്ടായി. രണ്ടര വര്‍ഷം മുന്‍പാണ് യുവതി ഒടുവില്‍ വീട്ടില്‍ വന്നത്. ഇംഗ്ലണ്ട് പൗരത്വമുള്ള മകളെ അടിയന്തരമായി തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് സഭാ നേതൃത്വത്തിന് മാതാപിതാക്കള്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.

മഠം വിട്ടതോ രോഗവിവരമോ അധികൃതര്‍ കുടുംബത്തെ അറിയിച്ചില്ലെന്നും മാതാപിതാക്കള്‍ പറയുന്നു. എന്നാല്‍ വിദേശത്തുള്ള മറ്റൊരു സഭയുടെ പരിധിയിലുള്ള കാര്യങ്ങളില്‍ ഇടപെടുന്നതില്‍ പരിമിതി ഉണ്ടെന്നാണ് മാനന്തവാടി ബിഷപ്പ് ഹൗസ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. കന്യാസ്ത്രീയുടെ കുടുംബം തങ്ങളോട് അഞ്ചുകോടി രൂപ ആവശ്യപ്പെട്ടതായും അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ബിഷപ്പ് ഹൗസ് അധികൃതര്‍ പറഞ്ഞു. 7 വര്‍ഷം മുന്‍പ് സിസ്റ്റര്‍ മഠം വിട്ടുപോയെന്നാണ് സഭാ അധികൃതരുടെ വിശദീകരണം.

Tags:    

Similar News