സംസ്ഥാനത്ത് കടുത്ത വാക്‌സിന്‍ ക്ഷാമം; നാല് ജില്ലകളില്‍ ഇന്ന് വാക്‌സിനേഷനില്ല

Update: 2021-07-27 03:11 GMT

തിരുവനന്തപുരം: ആവശ്യത്തിന് വാക്‌സിന്‍ ലഭ്യമാക്കാത്തത് മൂലം സംസ്ഥാനത്ത് കടുത്ത വാക്‌സിന്‍ ക്ഷാമം. സംസ്ഥാനത്തെ വാക്‌സിന്‍ സ്‌റ്റോക്ക് ഏകദേശം അവസാനിച്ചത് പോലെയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ചൊവ്വാഴ്ച വിതരണം ചെയ്യാനുള്ളത് വളരെ ചെറിയ എണ്ണം ഡോസ് മാത്രമാണ്. പല ജില്ലകളിലും വാക്‌സിന്‍ തീര്‍ന്നുകഴിഞ്ഞു. വാക്‌സിന്‍ ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് നിരന്തരം അഭ്യര്‍ഥിച്ചു വരികയാണെന്നാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചത്. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ സ്റ്റോക്ക് പൂര്‍ണമായും തീര്‍ന്നു. അവശേഷിച്ച സ്‌റ്റോക്കില്‍ ഇന്നലെ രണ്ടുലക്ഷത്തിലധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കി.

150ഓളം സ്വകാര്യാശുപത്രികളില്‍ മാത്രമാണ് വിതരണമുണ്ടാവുക. സര്‍ക്കാര്‍ മേഖലയില്‍ ബുക്ക് ചെയ്തവര്‍ക്കും വാക്‌സിന്‍ ലഭ്യമാവില്ല. പുതിയ സ്‌റ്റോക്ക് എന്നെത്തുമെന്ന് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയത് 1.66 കോടി ഡോസാണ്. 1.87 കോടിയോളം പേര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ നമുക്ക് സാധിച്ചു. 45 വയസിന് മുകളിലുള്ളവര്‍ക്ക് 76 ശതമാനം ആളുകള്‍ക്ക് ആദ്യഡോസ് വാക്‌സിനും 35 ശതമാനം ആളുകള്‍ക്ക് രണ്ടാം ഡോസും നില്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ വയനാട്, കാസര്‍കോട് ജില്ലകളില്‍ 45 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ വാക്‌സിന്‍ നല്‍കാന്‍ ലക്ഷ്യം വച്ച മുഴുവന്‍ പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കാന്‍ സാധിച്ചു.

ശേഷിക്കുന്ന ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ക്ക് കൂടി വാക്‌സിന്‍ നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. സ്‌റ്റോക്ക് തീര്‍ന്നതോടെ രണ്ടാം ഡോസ് കാത്തിരിക്കുന്നവര്‍, യാത്രയ്ക്കായി വാക്‌സിന്‍ വേണ്ടവര്‍ എന്നിവര്‍ കൂടുതല്‍ പ്രതിസന്ധിയിലാവും. പത്തനംതിട്ട, കോട്ടയം, വയനാട് എന്നീ ജില്ലകളില്‍ കൊവാക്‌സിന്‍ മാത്രമാണുള്ളത്. ബാക്കിയുള്ള ജില്ലകളിലും വാക്‌സിനുകളുടെ അളവ് കുറവാണ്. കേരളത്തില്‍ 18 വയസ്സിന് മുകളിലുള്ള 1.48 കോടി പേര്‍ക്ക് ഇതുവരെ ആദ്യ ഡോസ് കുത്തിവയ്പ്പ് പോലും കിട്ടിയിട്ടില്ല. 45 വയസ്സിന് മുകളിലുള്ളവരില്‍ കാല്‍ക്കോടിയിലേറെപ്പേരും ആദ്യഡോസിനായി കാത്തിരിക്കുകയാണ്. ഈ മാസം പതിനേഴാം തിയതിയാണ് അവസാനമായി വാക്‌സിനെത്തിയത്.

Tags:    

Similar News