തീരദേശ മേഖലയിൽ അതിരൂക്ഷമായ കടല്‍ക്ഷോഭം

27 മുതൽ ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും തമിഴ്നാട് തീരത്തും മത്സ്യബന്ധനത്തിന് പോകരുത്.

Update: 2019-04-24 11:08 GMT

തിരുവനന്തപുരം: ജില്ലയിലെ തീരദേശ മേഖലയിൽ അതിരൂക്ഷമായ കടല്‍ക്ഷോഭം. വലിയതുറ മുതൽ ശംഖുമുഖം ഭാഗത്തേക്ക് ശക്തമായ കടൽക്ഷോഭം അനുഭവപ്പെടുകയാണ്. കടല്‍ കരയിലേക്ക് ഇരച്ചുകയറി മണ്‍തിട്ടകളും സുരക്ഷാഭിത്തികളും ഒലിച്ചുപോയതോടെ നിരവധി വീടുകള്‍ തകര്‍ച്ചാഭീഷണിയിലാണ്. അടുത്തിടെ രൂക്ഷമായ കടല്‍ക്ഷോഭത്തെ സംബന്ധിച്ച് നിരവധിതവണ അധികൃതരെ അറിയിച്ചിട്ടും ആരും ഇവിടേക്ക് തിരിഞ്ഞുനോക്കുന്നില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. ഓഖി, സുനാമി തുടങ്ങിയ ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ഭീതിയോടെയാണ് പ്രദേശവാസികള്‍ നിലവില്‍ ഓരോദിനവും വീടുകളില്‍ കഴിച്ചുകൂട്ടുന്നത്.

അതേസമയം, നാളെ രാത്രി 11.30 വരെ തീരത്ത് 1.5മീറ്റർ മുതൽ 2.2 മീറ്റർ ഉയരത്തിൽ തിരമാലകൾ ഉണ്ടാകുവാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ഈ കാലയളവിൽ കടൽ പ്രക്ഷുബ്ദമാകാൻ സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോട് ചേർന്നുള്ള തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ശ്രീലങ്കയുടെ തെക്കുകിഴക്കുമായി 25ന് ന്യൂനമർദ്ദം രൂപംകൊണ്ടു വരുന്നതായി കേന്ദ്ര കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ ദിവസം കാറ്റിന്റെ വേഗത മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെയാവാനും 26ന് കാറ്റിന്റെ വേഗത മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയാവാനും 27നു 60 മുതൽ 70കിലോമീറ്റർ വരെയാവാനും 28ന് 80 മുതൽ 90കിലോമീറ്റർ വരെയും സാധ്യതയുണ്ട്. തമിഴ്നാട് തീരത്ത് കാറ്റിന്റെ വേഗത മണിക്കൂറിൽ 40 മുതൽ 50കിലോമീറ്റർ വരെയാവാനും സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

 27 മുതൽ ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും തമിഴ്നാട് തീരത്തും ഈ കാലയളവിൽ മത്സ്യബന്ധനത്തിന് പോകരുത്. കടൽ പ്രക്ഷുബ്ദമോ അതി പ്രക്ഷുബ്ദമോ ആകാൻ സാധ്യതയുള്ളതിനാൽ ആഴക്കടലിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ 27ന് അതിരാവിലെ 12 മണിയോടെ തന്നെ ഏറ്റവും അടുത്തുള്ള തീരത്തെത്തി ചേരണമെന്നും  കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Tags:    

Similar News