മുണ്ടക്കൈയില്‍ ശക്തമായ മലവെള്ളപ്പാച്ചില്‍; അട്ടമല റോഡ് മുങ്ങി, പുഴയില്‍ ജലനിരപ്പുയര്‍ന്നു
കല്‍പറ്റ: വയനാട് മേപ്പാടി മുണ്ടക്കൈയില്‍ ശക്തമായ മലവെള്ളപ്പാച്ചില്‍. ബെയ്ലി പാലത്തിന് സമീപം നല്ല കുത്തൊഴുക്കുണ്ട്. പ്രദേശത്ത് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രദേശത്ത് നല്ല മഴ തുടരുകയാണ്. ആദ്യം ഉരുള്‍പൊട്ടലാണെന്ന് കരുതിയിരുന്നെങ്കിലും അല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. തോട്ടങ്ങളില്‍ നിന്ന് നിരവധി തൊഴിലാളികള്‍ മടങ്ങി. ചൂരല്‍മല ഭാഗത്ത് വെള്ളം കയറി. മുമ്പ് ഉരുള്‍പൊട്ടലില്‍ രൂപപ്പെട്ട അവശിഷ്ടങ്ങള്‍ ഒലിച്ചുപോയി.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നല്ല മഴയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ബെയ്ലി പാലത്തിന് അപ്പുറത്ത് ആരും താമസമില്ല. കളക്ടറുമായി സംസാരിച്ചിരുന്നു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ സ്ഥലത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു.