അഞ്ചലില്‍ ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന കേസ്: മൂന്ന് ജീവപര്യന്തവും 26 വര്‍ഷം പ്രത്യേക തടവും
കൊല്ലം: അഞ്ചലില്‍ ഏഴ് വയസുകാരിയെ പീഡിപ്പിച്ചുകൊന്ന കേസിലെ പ്രതിക്ക് മൂന്ന് ജീവപര്യന്തവും 26 വര്‍ഷം പ്രത്യേക തടവും വിധിച്ചു. കൂടാതെ 3,20,000 രൂപ പിഴ അടക്കുകയും വേണം. കൊല്ലം പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. കുട്ടിയുടെ അമ്മയുടെ സഹോദരി ഭര്‍ത്താവ് രാജേഷാണ് കേസിലെ പ്രതി. ഹീനമായ കുറ്റകൃത്യമാണെന്ന് പ്രതി നടത്തിയതെന്നു നിരീക്ഷിച്ച കോടതി, പ്രതിയുടെ പ്രായം കണക്കിലെടുതാണ് വധശിക്ഷ ഒഴിവാക്കിയതെന്ന് ഉത്തരവില്‍ വ്യക്തമാക്കി.
ഇന്ത്യന്‍ ശിക്ഷാനിയമം കൊലപാതകം, ബലാല്‍സംഗം, പ്രകൃതിവിരുദ്ധ പീഡനം, തട്ടിക്കൊണ്ടുപോകല്‍, മൃതദേഹത്തോട് അനാദരവ് കാണിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരവും പോക്സോ നിയമം മൂന്ന്, നാല്, അഞ്ച്, ആറ് വകുപ്പുകള്‍ പ്രകാരവും പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
2017 ആഗസത് 27നാണ് സംഭവം നടക്കുന്നത്. അമ്മൂമ്മയോടൊപ്പം ട്യൂഷന് ക്ലാസ്സിലേക്ക് പോയ കുട്ടിയെ പ്രതി കാത്ത് നിന്ന് കൂട്ടി കൊണ്ടുപോയി കുളത്തൂപ്പുഴയിലെ ഒരു കാട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. വീട്ടില്‍ പറയുമെന്ന് കുട്ടി പറഞ്ഞതോടെ കുട്ടിയെ കൊലപ്പെടുത്തി സമീപത്തുള്ള ആര്‍പിഎല്‍ എസ്റ്റേറ്റില്‍ മൃതദേഹം ഉപേക്ഷിച്ചു. കൊലപ്പെടുത്തിയ ശേഷവും കുട്ടിയെ പീഡിപ്പിച്ചെന്നും പിന്നീട് കണ്ടെത്തിയിരുന്നു. കുട്ടിയെ കാണാനില്ലെന്നറിഞ്ഞ് നാട്ടുകാരും പോലിസും നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൃതദേഹം കണ്ടെടുത്തത്.
കുട്ടിക്കൊപ്പം പ്രതി യാത്രചെയ്യുന്ന സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും കേസ് അന്വേഷണത്തില്‍ നിര്‍ണായകമായി. കൂടാതെ കുട്ടിയുടെ നഖങ്ങള്‍ക്കിടയില്‍ നിന്നും പ്രതിയുടെ വസ്ത്രങ്ങളുടെ അംശങ്ങളും കണ്ടെത്തിയിരുന്നു. അഞ്ചല്‍ സിഐയായിരുന്ന എ അഭിലാഷാണ് കേസ് അന്വേഷിച്ചത്.