തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ആറു റിമാന്റ് തടവുകാര്‍ അടക്കം ഏഴ് പേര്‍ രക്ഷപ്പെട്ടു

തടയാനെത്തിയ പോലിസുകാരന്‍ രഞ്ജിത്തിനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം താക്കോല്‍ കൈവശപ്പെടുത്തി പൂട്ട് തുറന്ന് മതില്‍ ചാടിയാണ് സംഘം രക്ഷപ്പെട്ടത്.

Update: 2019-12-17 19:14 GMT

തൃശൂര്‍: തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ആറ് റിമാന്റ് തടവുകാര്‍ അടക്കം ഏഴുപേര്‍ രക്ഷപ്പെട്ടു. ജീവനക്കാരെ ആക്രമിച്ച ശേഷമാണ് തടവുകാര്‍ രക്ഷപ്പെട്ടത്.

ചൊവ്വാഴ്ച്ച രാത്രി എട്ട് മണിയോടെ ഭക്ഷണം കഴിക്കുന്നതിനായി സെല്ലില്‍ നിന്ന് പുറത്തിറക്കിയതായിരുന്നു ഏഴ് പേരെയും. ഡ്യൂട്ടിയിലുണ്ടായിരുന്ന 2 നഴ്‌സുമാരെ ഏഴംഗ സംഘം മുറിയില്‍ പൂട്ടിയിട്ടു. ഇതുകണ്ട് ഇവരെ തടയാനെത്തിയ പോലിസുകാരന്‍ രഞ്ജിത്തിനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം താക്കോല്‍ കൈവശപ്പെടുത്തി പൂട്ട് തുറന്ന് മതില്‍ ചാടിയാണ് സംഘം രക്ഷപ്പെട്ടത്. രഞ്ജിത്തിന്റെ സ്വര്‍ണമാലയും മൊബൈല്‍ ഫോണും സംഘം കവരുകയും ചെയ്തു.

റിമാന്റ് തടവുകാരായ തന്‍സീര്‍, വിജയന്‍, നിഖില്‍, വിഷ്ണു, വിപിന്‍, ജിനീഷ് എന്നീ പ്രതികളും രാഹുല്‍ എന്ന രോഗിയുമാണ് രക്ഷപ്പെട്ടത്. തൃശൂര്‍ സിജെഎം കോടതിയുടെ ഉത്തരവനുസരിച്ച് പാര്‍പ്പിച്ചയാളാണ് രാഹുല്‍. മാനസികാരോഗ്യ കേന്ദ്രത്തിന്റെ പിറകെ വശത്തെ മതില്‍ ചാടിയാണ് സംഘം രക്ഷപ്പെട്ടത്. വേണ്ടത്ര സുരക്ഷാ ജീവനക്കാരില്ലാത്തതിനാല്‍ ഇതിന് മുമ്പും പലവട്ടം രോഗികള്‍ ചാടിപോയിട്ടുണ്ട്. എന്നാല്‍ റിമാന്റ് പ്രതികളടക്കം ഇത്രയധികം പേര്‍ ഒരുമിച്ച് രക്ഷപ്പെട്ടത് അധികൃതരെ ഞെട്ടിച്ചിരിക്കുയാണ്. പോലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

Tags: