പേട്ട റെയില്‍വേ ആശുപത്രിയില്‍ ഏഴ് വെടിയുണ്ടകള്‍ കണ്ടെത്തി

Update: 2026-04-22 07:45 GMT

തിരുവനന്തപുരം: നഗരത്തിലെ പേട്ടയിലുള്ള റെയില്‍വേ ആശുപത്രിയില്‍നിന്ന് വെടിയുണ്ടകള്‍ കണ്ടെത്തി. ആശുപത്രിയിലെ ഒരു മഗ്ഗിനുള്ളില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു വെടിയുണ്ടകള്‍. ഒന്‍പത് എം.എം വിഭാഗത്തില്‍പ്പെടുന്ന ഏഴ് വെടിയുണ്ടകളാണ് കണ്ടെടുത്തത്. രാവിലെയാണ് സംഭവം ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍തന്നെ ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലിസ് സംഘം സ്ഥലത്തെത്തി.

വിവരമറിഞ്ഞയുടന്‍ വഞ്ചിയൂര്‍ പോലിസും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. ആശുപത്രിയില്‍നിന്ന് കണ്ടെടുത്ത വെടിയുണ്ടകള്‍ നിലവില്‍ വഞ്ചിയൂര്‍ പോലിസ് സ്റ്റേഷനിലേക്ക് മാറ്റി. ആശുപത്രിയും പരിസരവും കേന്ദ്രീകരിച്ച് കര്‍ശന പരിശോധനയാണ് അന്വേഷണ സംഘം നടത്തുന്നത്. പോലിസ് നായ്ക്കളെയും വിരലടയാള വിദഗ്ധരെയും ഉള്‍പ്പെടുത്തി തെളിവെടുപ്പ് പുരോഗമിക്കുകയാണ്.

സായുധ സേനകളും പോലിസും സാധാരണയായി ഉപയോഗിക്കുന്ന ഒന്‍പത് എം.എം വിഭാഗത്തിലുള്ള വെടിയുണ്ടകളാണ് കണ്ടെത്തിയതെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നുണ്ട്.ഇതിന് പുറമെ ആശുപത്രിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ എത്തിയ രോഗികളുടെയും സന്ദര്‍ശകരുടെയും വിവരങ്ങള്‍ പോലിസ് ശേഖരിക്കുന്നുണ്ട്. ആര്‍.പി.എഫും പോലിസും സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്.