ഗവര്‍ണര്‍ക്ക് തിരിച്ചടി: ബദല്‍ സെര്‍ച്ച് കമ്മിറ്റിയാണ് വിസി നിയമത്തിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം; സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാന്‍ പേരുകള്‍ ആവശ്യപ്പെട്ട് സുപ്രിംകോടതി

Update: 2025-08-13 07:04 GMT

ന്യൂഡല്‍ഹി: ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളില്‍ താല്‍ക്കാലിക വിസിമാര്‍ക്ക് പുനര്‍നിയമനം നല്‍കിയ ഗവര്‍ണറുടെ നടപടിക്ക് സുപ്രിംകോടതിയില്‍ കനത്ത തിരിച്ചടി. സര്‍വകലാശാല ചട്ടം വായിച്ച് കേള്‍പ്പിച്ച കോടതി, ഗവര്‍ണര്‍ ചട്ടങ്ങള്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ടു. ഗവര്‍ണര്‍ രൂപീകരിച്ച ബദല്‍ സെര്‍ച്ച് കമ്മിറ്റിയാണ് വിസി നിയമത്തിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന വാദവും കോടതി അംഗീകരിച്ചു. വ്യാഴാഴ്ച കേസ് അടിയന്തരമായി വീണ്ടും പരിഗണിക്കുമെന്ന് അറിയിച്ച ജെ ബി പര്‍ദ്ദിവാല അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച്, രണ്ട് പേരുകള്‍ വീതം ഉടന്‍ നല്‍കാന്‍ സര്‍ക്കാരിനോടും ഗവര്‍ണറോടും നിര്‍ദ്ദേശിച്ചു.

സുപ്രിംകോടതി നിര്‍ദേശം മറികടന്നും ചട്ടം ലംഘിച്ചും ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളില്‍ താല്‍ക്കാലിക വിസിമാര്‍ക്ക് പുനര്‍നിയമനം നല്‍കിയ ഗവര്‍ണറുടെ വിജ്ഞാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹരജിയിലാണ് സുപ്രിംകോടതിയുടെ ഇടപെടല്‍. കഴിഞ്ഞ ദിവസം ഈ സര്‍വകലാശാലയില്‍ താല്‍ക്കാലിക വിസിമാരെ വീണ്ടും നിയമിച്ച ഗവര്‍ണറുടെ വിജ്ഞാപനം കോടതിയില്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട ഡിവിഷന്‍ ബെഞ്ച്, വിജ്ഞാപനം ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി.

സാങ്കേതിക സര്‍വകലാശാല നിയമത്തിലെ വകുപ്പ് 13 (7), ഡിജിറ്റല്‍ സര്‍വകലാശാല നിയമത്തിലെ വകുപ്പ് 11(10) എന്നിവ ചാന്‍സലര്‍ ലംഘിച്ചതായും സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വി വി ഗിരി ചൂണ്ടിക്കാട്ടി. ഗവര്‍ണര്‍ക്ക് വേണ്ടി ഹാജരായ അറ്റോണി ജനറലിന്റെ വാദങ്ങള്‍ കോടതി തള്ളി.

ഡോ. സിസ തോമസിനു ഡിജിറ്റല്‍ സര്‍വകലാശാലയിലും കെ ശിവപ്രസാദിനു സാങ്കേതിക സര്‍വകലാശാലയിലും താല്‍ക്കാലിക വിസിമാരായി ആറുമാസത്തേക്കുകൂടി പുനര്‍നിയമനം നല്‍കി ആഗസ്ത് ഒന്നിനാണ് വിജ്ഞാപനമിറക്കിയത്. ആറുമാസത്തില്‍ക്കൂടുതല്‍ സമയം ഇവര്‍ക്ക് നല്‍കാനാകില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. രണ്ടിടത്തും സ്ഥിരം വിസിമാരെ നിയമിക്കാനുള്ള നടപടികള്‍ ഉടന്‍ തുടങ്ങാന്‍ സംസ്ഥാന സര്‍ക്കാരിനും നിര്‍ദേശമുണ്ട്. ഗവര്‍ണര്‍ സര്‍ക്കാരുമായി സഹകരിക്കണമെന്നും സുപ്രിംകോടതി ആവശ്യപ്പെട്ടിരുന്നു.