തിരുവനന്തപുരം ആര്‍സിസിയില്‍ ഗുരുതര വീഴ്ച; തലച്ചോറിലെ ക്യാന്‍സറിന് ശ്വാസകോശ ക്യാന്‍സറിനുള്ള മരുന്ന് നല്‍കി ; ഗുജറാത്തിലെ ഗ്ലോബെല ഫാര്‍മയുടെ പിഴവെന്ന് ആശുപത്രി അധികൃതര്‍

Update: 2025-10-09 08:03 GMT

തിരുവനന്തപുരം: തലസ്ഥാനത്തെ റീജ്യണല്‍ ക്യാന്‍സര്‍ സെന്ററില്‍(ആര്‍സിസി) തലച്ചോറില്‍ കാന്‍സര്‍ ബാധിച്ച രോഗികള്‍ക്ക് മരുന്നു മാറി നല്‍കി. ശ്വാസകോശ ക്യാന്‍സറിനുള്ള കീമോതെറാപ്പിയുടെ ഗുളികകളാണ് രോഗികള്‍ക്ക് മാറി നല്‍കിയത്. മരുന്നിന്റെ പാക്കിങ്ങില്‍ കമ്പനിക്ക് വന്ന പിഴവാണ് മരുന്നുകള്‍ മാറി നല്‍കാനിടയാക്കിയത്. 2130 കുപ്പികളില്‍ 2125 കുപ്പികളും വിതരണം ചെയ്തതിനു ശേഷമാണ് മരുന്ന് മാറിയ സംഭവം തിരിച്ചറിഞ്ഞത്. ടെമോസോളോമൈഡ് 100 എന്ന മരുന്നിന്റെ പാക്കറ്റില്‍ എറ്റോപോസൈഡ് എന്ന മരുന്നായിരുന്നു ഉണ്ടായിരുന്നത്. മരുന്ന് മാറിയകാര്യം മനസിലായതോടെ വിതരണം പൂര്‍ണമായും നിര്‍ത്തി.

മരുന്ന് കമ്പനിയായ ഗുജറാത്തിലെ ഗ്ലോബെല ഫാര്‍മ നിര്‍മ്മിച്ചവയിലാണ് പിഴവ് സംഭവിച്ചത്. കമ്പനിക്കെതിരെ സംസ്ഥാന ഡ്രഗ് കണ്‍ട്രോളര്‍ കേസെടുത്തു. 2024 സെപ്റ്റംബര്‍ രണ്ടിന് എത്തിച്ച പാക്കിങ്ങുകളിലായിരുന്നു പിഴവ്. മരുന്ന് നിര്‍മിച്ച കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തി. മരുന്ന് നല്‍കിയ രണ്ടായിരത്തിലധികം രോഗികളെ ബന്ധപ്പെടാനുള്ള ശ്രമം ആരംഭിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.