മാധ്യമപ്രവര്‍ത്തകന്‍ എംഎസ് മണി അന്തരിച്ചു

കേരള കൗമുദി പത്രാധിപരായിരുന്ന കെ സുകുമാരന്റെ മകനും സ്ഥാപക പത്രാധിപര്‍ സി വി കുഞ്ഞിരാമന്റെ കൊച്ചുമകനുമാണ്.

Update: 2020-02-18 04:08 GMT

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എംഎസ് മണി അന്തരിച്ചു. കലാകൗമുദി പത്രത്തിന്റെ ചീഫ് എഡിറ്ററും കേരള കൗമുദി മുന്‍ ചീഫ് എഡിറ്ററുമായിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ കലാകൗമുദി ഗാര്‍ഡനില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. കുറച്ച് നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു.

കേരള കൗമുദിയില്‍ റിപോര്‍ട്ടറായി പത്രപ്രവര്‍ത്തനം ആരംഭിച്ച എംഎസ് മണി ഡല്‍ഹി ബ്യൂറോയിലുള്‍പ്പെടെ പ്രവര്‍ത്തിച്ചു. പിന്നീട് കലാകൗമുദി പ്രസിദ്ധീകരണങ്ങളും മുംബൈയില്‍ നിന്നു കലാകൗമുദി ദിനപ്പത്രവും ആരംഭിച്ചു . മാധ്യമ മികവിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ സ്വദേശാഭിമാനി കേസരി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. കേരള കൗമുദി പത്രാധിപരായിരുന്ന കെ സുകുമാരന്റെ മകനും സ്ഥാപക പത്രാധിപര്‍ സി വി കുഞ്ഞിരാമന്റെ കൊച്ചുമകനുമാണ്.

ഇന്ത്യന്‍ ന്യൂസ്‌പേപ്പര്‍ സൊസൈറ്റി ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, ഓള്‍ ഇന്ത്യ ന്യൂസ്‌പേപ്പര്‍ എഡിറ്റേഴ്‌സ് കോണ്‍ഫറന്‍സ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. അംബേദ്കര്‍, കേസരി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഡോ. കസ്തൂരിയാണ് ഭാര്യ. വത്‌സമണി (കേരളകൗമുദി പത്രാധിപ സമിതിയംഗം), സുകുമാരന്‍ മണി (മാനജിങ് എഡിറ്റര്‍, കലാകൗമുദി). സംസ്‌കാരം വൈകിട്ട് അഞ്ച് മണിക്ക് വീട്ടുവളപ്പില്‍ നടക്കും.

Similar News