സെമി ഹൈസ്പീഡ് റെയില്‍പാത: സ്ഥലം അടയാളപ്പെടുത്തല്‍ തുടങ്ങി

റെയില്‍പാതയ്ക്കായി 25 മീറ്റര്‍ വീതിയിലാണ് സ്ഥലം ഏറ്റെടുക്കുന്നത്. അതുകൂടാതെ രണ്ട് ഭാഗങ്ങളിലേക്കുമായി 15 മീറ്റര്‍ സ്ഥലത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനും പാടില്ലെന്നാണ് നിയമം. ചുരുക്കത്തില്‍ 55 മീറ്റര്‍ വീതിയില്‍ സ്ഥലം ഏറ്റെടുക്കേണ്ടി വരും.

Update: 2019-09-14 13:09 GMT

കോട്ടയം: തിരുവനന്തപുരം-കാസര്‍കോട് സെമി ഹൈസ്പീഡ് റെയില്‍പാതയുടെ സ്ഥലം ഏറ്റെടുക്കുന്നതിന്റെ മുന്നോടിയായി അടയാളപ്പെടുത്തല്‍ തുടങ്ങി. കോട്ടയം ജില്ലയില്‍ മുളക്കുളത്തുനിന്നുമാണ് പാത ആരംഭിക്കുന്നത്. മുളക്കുളം കളമ്പൂര്‍ പാലത്തിലും, മുളക്കുളം അമ്പലപ്പടിക്ക് സമീപം മുളക്കുളം-വെള്ളൂര്‍ റോഡിലും, കുന്നപ്പിള്ളിയിലുമാണ് ഇപ്പോള്‍ മാര്‍ക്കിങ് നടത്തിയിരിക്കുന്നത്. ഇവിടെ നിന്നു കടുത്തുരുത്തി വഴിയാണ് പാത കടന്നുപോവുന്നത്. കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പറേഷനാണ്(കെആര്‍ഡിസി) നിര്‍മാണം. ഓരോ അഞ്ച് കിലോമീറ്റര്‍ ദൂരത്തുമാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. റെയില്‍പാതയ്ക്കായി 25 മീറ്റര്‍ വീതിയിലാണ് സ്ഥലം ഏറ്റെടുക്കുന്നത്. അതുകൂടാതെ രണ്ട് ഭാഗങ്ങളിലേക്കുമായി 15 മീറ്റര്‍ സ്ഥലത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനും പാടില്ലെന്നാണ് നിയമം. ചുരുക്കത്തില്‍ 55 മീറ്റര്‍ വീതിയില്‍ സ്ഥലം ഏറ്റെടുക്കേണ്ടി വരും.

    നേരത്തേ, അതിവേഗ റെയില്‍പാതയ്ക്കു സ്ഥലം ഏറ്റെടുക്കുന്നതിനുവേണ്ടി മാര്‍ക്ക് ചെയ്തിരുന്നത് കീഴൂര്‍, വാലച്ചിറ, മള്ളിയൂര്‍ വഴിയായിരുന്നു. മണിക്കൂറില്‍ 100 മുതല്‍ 200 കിലോമീറ്റര്‍ വേഗതയിലാണ് സെമി സ്പീഡ് ട്രെയിന്‍ കടന്നുപോവക. കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം കൊച്ചുവേളി വരെ 10 സ്റ്റോപ്പുകളാണുള്ളത്. കെച്ചുവേളി, കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, ത്യശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്. കാസര്‍കോട് നിന്നു തിരുവനന്തപുരം വരെ 531.5 കിലോമീറ്ററാണ് ദൂരം. ഇത് സഞ്ചരിക്കാന്‍ 3 മണിക്കൂര്‍ 52 സെക്കന്റാണ്. ഇതിന്റെ നിര്‍മാണത്തിനായി 66,079 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 10 ശതമാനം കേന്ദ്ര സര്‍ക്കാരും 10 ശതമാനം കേരള സര്‍ക്കാരും 80 ശതമാനം ജപ്പാന്‍ സഹായവുമാണ്. 2024 ഓടെ പാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.




Tags:    

Similar News