കിര്‍ത്താഡ്‌സിലെ ഉദ്യോഗസ്ഥ രാത്രിയില്‍ ഓഫിസില്‍ അതിക്രമിച്ചുകടന്നെന്ന് പോലിസില്‍ പരാതി

എഴുത്തുകാരിയും കിര്‍ത്താഡ്‌സില്‍ ലക്ചററും മ്യൂസിയം മാനേജരുമായ ഇന്ദു മേനോന്‍ ഞായറാഴ്ച രാത്രിയില്‍ കെട്ടിടത്തിന്റെ മതില്‍ ചാടിക്കടന്ന് കിര്‍ത്താഡ്‌സില്‍ പ്രവേശിച്ചെന്ന് ചൂണ്ടിക്കാട്ടി സെക്യൂരിറ്റി ജീവനക്കാരന്‍ മുഹമ്മദ് മിസ്ഹബാണ് ചേവായൂര്‍ പോലിസില്‍ പരാതി നല്‍കിയത്. തന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും അപമര്യാദയായി പെരുമാറിയതിനെതിരേ നടപടിയെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Update: 2019-10-15 17:15 GMT

കോഴിക്കോട്: കിര്‍ത്താഡ്‌സിലെ ഉദ്യോഗസ്ഥ അവധി ദിവസം രാത്രി ഓഫിസില്‍ അതിക്രമിച്ചുകടന്നുവെന്ന് പോലിസില്‍ പരാതി. എഴുത്തുകാരിയും കിര്‍ത്താഡ്‌സില്‍ ലക്ചററും മ്യൂസിയം മാനേജരുമായ ഇന്ദു മേനോന്‍ ഞായറാഴ്ച രാത്രിയില്‍ കെട്ടിടത്തിന്റെ മതില്‍ ചാടിക്കടന്ന് കിര്‍ത്താഡ്‌സില്‍ പ്രവേശിച്ചെന്ന് ചൂണ്ടിക്കാട്ടി സെക്യൂരിറ്റി ജീവനക്കാരന്‍ മുഹമ്മദ് മിസ്ഹബാണ് ചേവായൂര്‍ പോലിസില്‍ പരാതി നല്‍കിയത്. തന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും അപമര്യാദയായി പെരുമാറിയതിനെതിരേ നടപടിയെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, ഔദ്യോഗികാവശ്യത്തിന് ഓഫിസിലെത്തിയ തന്നെ സെക്യൂരിറ്റി ജീവനക്കാരന്‍ തടഞ്ഞുവെന്നും ശാരീരികോപദ്രവമേല്‍പ്പിച്ചെന്നും കാണിച്ച് ഇന്ദുമേനോനും പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഭക്ഷണം കഴിച്ചശേഷം കിര്‍ത്താഡ്‌സില്‍ കയറിയ തന്നെയും മകനെയും സെക്യൂരിറ്റി തടയുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. രണ്ടുപരാതികളും ലഭിച്ചതായും അന്വേഷണം നടത്തിവരികയാണെന്നും ചേവായൂര്‍ പോലിസ് അറിയിച്ചു. അവധി ദിനമായ ഞായറാഴ്ച രാത്രി ഉദ്യോഗസ്ഥ കിര്‍ത്താഡ്‌സില്‍ പ്രവേശിച്ചത് മേലധികാരിയുടെ അറിവോടെയാണോയെന്ന് പരിശോധിച്ചുവരികയാണ്. ഇതുസംബന്ധിച്ച് കിര്‍ത്താഡ്‌സിന്റെ വിശദീകരണം തേടിയിട്ടുണ്ട്.

സ്ഥാപനത്തിന് പരാതിയുണ്ടെങ്കില്‍ അത് ലഭിച്ചശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും. ആര്‍ക്കെതിരേയും കേസെടുത്തിട്ടില്ലെന്നും പോലിസ് വ്യക്തമാക്കി. ഞായറാഴ്ച രാത്രി 7.30 ഓടെയാണ് മതില്‍ ചാടിക്കടന്ന് ഇന്ദുമേനോന്‍ കിര്‍ത്താഡ്‌സില്‍ പ്രവേശിച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ട സെക്യൂരിറ്റി ജീവനക്കാരന്‍ ഇന്ദുമേനോനെ തടഞ്ഞതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമായി. തുടര്‍ന്ന് പോലിസെത്തിയശേഷം പുറത്തുപോയാല്‍ മതിയെന്ന് പറഞ്ഞപ്പോള്‍ ഉദ്യോഗസ്ഥ കയര്‍ത്ത് സംസാരിക്കുകയും മാനസികരോഗിയെന്ന് വിളിക്കുകയും ചെയ്തുവെന്നാണ് മിസ്ഹബ് പരാതിയില്‍ പറയുന്നത്. രാത്രിയില്‍ ഇന്ദുമേനോനും മറ്റൊരാളും കിര്‍ത്താഡ്‌സ് കോമ്പൗണ്ടിനുള്ളില്‍ അതിക്രമിച്ച് കയറിയത് ചോദ്യംചെയ്യുക മാത്രമാണ് ചെയ്തത്.

അവധി ദിവസവും രാത്രിസമയവുമായതിനാല്‍ സ്ഥാപനത്തിന്റെ എല്ലാ കവാടങ്ങളും ലോക്ക് ചെയ്തിരുന്നു. ആ സമയം സ്ഥാപനത്തിന്റെ സുരക്ഷാചുമതലയുള്ളയാളെന്ന നിലയില്‍ കാര്യങ്ങള്‍ അന്വേഷിക്കുകയും നിയമവിരുദ്ധമായി അതിക്രമിച്ചുകയറിയതാണെന്ന് ബോധ്യപ്പെട്ടതിനാലാണ് പോലിസിനെ വിളിച്ചതെന്നും മിസ്ഹബ് പറയുന്നു. അതേസമയം, കിര്‍ത്താഡ്‌സില്‍ രാത്രിയില്‍ അതിക്രമിച്ച് കയറി സുപ്രധാന ഫയലുകള്‍ ഇന്ദുമേനോന്‍ കടത്തിയെന്നാണ് ഓഫിസിലെ ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും ആരോപണം. സ്ഥാപനത്തിന്റെ ഡയറക്ടറെ മാറ്റാന്‍ മന്ത്രിസഭ തീരുമാനിച്ച സാഹചര്യത്തില്‍ കിര്‍ത്താഡ്‌സുമായി ബന്ധപ്പെട്ട നിര്‍ണായക ഫയലുകളാണ് കടത്തിയതെന്നും അന്വേഷണം വേണമെന്നുമാണ് ഇവരുടെ ആവശ്യം. 

Tags:    

Similar News