സെക്രട്ടേറിയറ്റിലെ തീപ്പിടിത്തം: ഷോർട്ട് സർക്യൂട്ട് മൂലമല്ലെന്ന് ഫോറൻസിക് റിപോർട്ട്

വിദഗ്ധ സമിതി സമർപ്പിച്ച റിപോർട്ടിൽ തീപ്പിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്ന് പറഞ്ഞിരുന്നു.

Update: 2020-10-06 06:45 GMT

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് തീപ്പിടിത്തത്തിൽ വിദഗ്‌ധ സമിതി റിപോർട്ടിനെ തള്ളി ഫോറൻസിക് റിപോർട്ട്. അപകടം ഷോർട്ട് സർക്യൂട്ട് മൂലമല്ലെന്ന് തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച ഫോറൻസിക് റിപോർട്ടിൽ പറയുന്നു. തീപിടിത്തം വിവാദമായതിന് പിന്നാലെ രണ്ട് അന്വേഷണ സംഘങ്ങളെയാണ് സർക്കാർ നിയോഗിച്ചത്. പോലിസ് അന്വേഷണവും ചീഫ് സെക്രട്ടറി നിയോഗിച്ച വിദഗ്ധ സമിതി അന്വേഷണവും.

വിദഗ്ധ സമിതി സമർപ്പിച്ച റിപോർട്ടിൽ തീപ്പിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്ന് പറഞ്ഞിരുന്നു. എന്നാൽ പോലിസ് അന്വേഷണത്തിന്റെ ഭാഗമായാണ് ഫോറൻസിക് റിപോർട്ട് തയ്യാറാക്കിയത്. എങ്ങനെ തീപ്പിടിത്തമുണ്ടായെന്ന് ഇതിൽ പറയുന്നില്ല. റിപോർട്ട് ഡിജിപിക്കാണ് സമർപ്പിച്ചത്. തുടർന്ന് ഡിജിപി ഇത് അന്വേഷണ സംഘത്തിന് കൈമാറി. അന്വേഷണ സംഘം കേസ് ഡയറിക്കൊപ്പം റിപ്പോർട്ട് കോടതിയിൽ ഹാജരാക്കി.

തീപ്പിടിത്തം നടന്ന മുറിയിലെ 24 വസ്തുക്കൾ പരിശോധിച്ചാണ് ഫോറൻസിക് റിപോർട്ട് തയ്യാറാക്കിയത്. പരിശോധനയ്ക്ക് ശേഖരിച്ച സാമ്പിളുകളിൽ ഒന്നിൽ നിന്നു പോലും തീപ്പിടിത്തം ഷോർട്ട് സർക്യൂട്ട് മൂലമാണെന്നതിന് തെളിവുകളില്ല. തീപ്പിടിത്തം നടന്ന മുറിയിലെ ഫാൻ, സ്വിച്ച് ബോർഡ് എന്നിവ കത്തിയിട്ടുണ്ട്. എന്നാൽ മുറിയിൽ സൂക്ഷിച്ചിരുന്ന സാനിറ്റൈസറിന് തീപ്പിടിച്ചിട്ടില്ല. മാത്രമല്ല മുറിയിലെ ഫയർ എക്സ്റ്റിഗ്യൂഷർ അടക്കമുള്ളവയും പരിശോധിച്ചു. ഇതിനെല്ലാം ശേഷമാണ് റിപോർട്ട് സമർപ്പിച്ചത്.

Tags:    

Similar News