ഓപറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച മലയാളി മാധ്യമപ്രവര്‍ത്തകന്റെ വീട്ടില്‍ പരിശോധന

Update: 2025-05-11 17:28 GMT

കൊച്ചി: ഓപറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച മലയാളി യുവാവിന്റെ വീട്ടില്‍ പരിശോധന. സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനായ റിജാസ് എം ഷീബ സിദ്ധിഖിന്റെ കൊച്ചി കലൂര്‍ കീര്‍ത്തി നഗറിലെ വീട്ടിലാണ് പരിശോധന നടത്തുന്നത്. മഹാരാഷ്ട്ര എടിഎസ് ആണ് പരിശോധന നടത്തുന്നത്. ഇയാളെ കഴിഞ്ഞ ദിവസം മഹാരാഷ്ട്ര എടിഎസ് അറസ്റ്റ് ചെയ്തിരുന്നു.

നാഗ്പൂരിലെ ഒരു ഹോട്ടലില്‍ നിന്നാണ് ഇയാളെ പിടികൂടുന്നത്. ഇതിന് പിന്നാലെയാണ് മഹാരാഷ്ട്ര എടിഎസും ഐ.ബി ഉദ്യോഗസ്ഥരും സംയുക്തമായി പരിശോധന നടത്തുന്നത്. റിജാസിന്റെ സുഹൃത്ത് ബീഹാര്‍ സ്വദേശി ഇഷയും ഒപ്പം അറസ്റ്റിലായിരുന്നു. ഇയാളെ പിന്നീട് വിട്ടയച്ചു.

ഡെമോക്രാറ്റിക് സ്റ്റുഡന്‍സ് അസോസിയേഷന്‍ (ഡിഎസ്എ) പ്രവര്‍ത്തകനാണ് റിജാസ്. ഈ മാസം 13 വരെ പോലിസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.. കലാപാഹ്വാനം അടക്കമുള്ളവ ചുമത്തിയാണ് എഫ്‌ഐആര്‍ ചുമത്തിയിരിക്കുന്നത്. ഇന്ത്യന്‍ ഭരണകൂടത്തിനെതിരെ ആയുധമെടുത്തുപോരാടാന്‍ ആഹ്വാനം ചെയ്‌തെന്നും കേസുണ്ട്. കൊച്ചിയില്‍ നടന്ന കശ്മീരി ആകുന്നത് കുറ്റകരമല്ല എന്ന പരിപാടിയില്‍ പങ്കെടുത്തതിന് റിജാസിനെതിരെ ഏതാനും ദിവസം മുന്‍പ് കേസ് എടുത്തിരുന്നു.




Tags: