കടലാക്രമണം: ചെല്ലാനത്തെ വീടുകളും റോഡുകളും ശുചീകരിച്ച് അഗ്നിശമന സേന

വീടുകള്‍ക്ക് സംരക്ഷണം ഒരുക്കുവാനും കടലെടുത്ത ഇടങ്ങളിലും ചെളി നിറഞ്ഞ ഇടവഴികളിലും ഉപയോഗിക്കുന്നതിനായി 18,000ലധികം ചാക്കുകളും ചെല്ലാനത്തുകാര്‍ക്കായി ജില്ലാ ഫയര്‍ ഓഫീസര്‍ എ എസ് ജോജിയുടെ നേതൃത്വത്തിലുള്ള സംഘം ശേഖരിച്ച് കൈമാറി.ഇന്ന് രാവിലെ ഒന്‍പത് മുതല്‍ ആരംഭിച്ച ശുചീകരണം വൈകുന്നേരം നാല് മണിവരെ നീണ്ടു നിന്നു

Update: 2021-05-20 13:15 GMT

കൊച്ചി: കടലാക്രമണത്തില്‍ നാശനഷ്ടങ്ങള്‍ നേരിട്ടതും ചെളി നിറഞ്ഞതുമായ ചെല്ലാനത്തെ വീടുകള്‍, പൊതു സ്ഥാപനങ്ങള്‍, റോഡുകള്‍ എന്നിവ വൃത്തിയാക്കി അഗ്നിശമന സേന.വീടുകള്‍ക്ക് സംരക്ഷണം ഒരുക്കുവാനും കടലെടുത്ത ഇടങ്ങളിലും ചെളി നിറഞ്ഞ ഇടവഴികളിലും ഉപയോഗിക്കുന്നതിനായി 18,000ലധികം ചാക്കുകളും ചെല്ലാനത്തുകാര്‍ക്കായി ജില്ലാ ഫയര്‍ ഓഫീസര്‍ എ എസ് ജോജിയുടെ നേതൃത്വത്തിലുള്ള സംഘം ശേഖരിച്ച് കൈമാറി.ഇന്ന് രാവിലെ ഒന്‍പത് മുതല്‍ ആരംഭിച്ച ശുചീകരണം വൈകുന്നേരം നാല് മണിവരെ നീണ്ടു നിന്നു.


സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിരവധി വീടുകള്‍ക്ക് പുറമേ പൊതു ആരോഗ്യ കേന്ദ്രങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വില്ലേജ് ഓഫീസ് എന്നിവയും അഗ്നിശമന സേന ശുചീകരിച്ചു. ഫയര്‍ ഫോഴ്‌സില്‍ നിന്നും സിവില്‍ ഡിഫന്‍സ് സംഘാംഗങ്ങള്‍ ഉള്‍പ്പെടെ 136 പേര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു. ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് കെ ഡി പ്രസാദിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് അംഗങ്ങളും തദ്ദേശീയരും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.

കഴിഞ്ഞ ദിവസം ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ സമിതി യോഗത്തില്‍ ചെല്ലാനം നിവാസികള്‍ക്ക് സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കാന്‍ തീരുമാനിച്ചിരുന്നു.എറണാകുളം റൂറല്‍ ജില്ലാ പോലിസിന്റെ നേതൃത്വത്തില്‍ ചെല്ലാനം മേഖലയില്‍ കുടിവെള്ള വിതരണം നടത്തി. വരും ദിവസങ്ങളിലും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ചെല്ലാനത്തേക്ക് കുടിവെള്ളം എത്തിക്കുമെന്ന് റൂറല്‍ ജില്ലാ പോലീസ് മേധാവി എസ് പി കെ. കാര്‍ത്തിക് അറിയിച്ചു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ രോഗപ്രതിരോധ ഗുളികകള്‍, കൈയ്യുറകള്‍, ശുചീകരണ സാമഗ്രികള്‍ എന്നിവയും വിതരണം ചെയ്തു.

Tags: