ആക്രി തൊഴില്‍ മേഖലയെ സംരക്ഷിക്കുക: നൗഷാദ് മംഗലശ്ശേരി

ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ഈ മേഖലയില്‍ പണിയെടുക്കുന്ന ആക്രി തൊഴിലാളികളുടെ അന്നംമുട്ടിക്കുന്ന ഉയര്‍ന്ന ജിഎസ്ടി നിരക്ക് ഗണ്യമായി കുറച്ച് ആക്രി തൊഴില്‍ മേഖലയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് സോഷ്യല്‍ ഡമോക്രാറ്റിക് ട്രേഡ് യൂണിയന്‍ സംസ്ഥാന ജനറല്‍ സക്രട്ടറി നൗഷാദ് മംഗലശ്ശേരി ആവശ്യപ്പെട്ടു.

Update: 2019-07-05 13:11 GMT

കോഴിക്കോട്: പാഴ്‌വസ്തുക്കള്‍ക്ക് പോലും 18 ശതമാനം ജിഎസ്ടി ചുമത്തിയ സര്‍ക്കാര്‍ നയം തിരുത്തണമെന്ന് എസ്ഡിടിയു. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ഈ മേഖലയില്‍ പണിയെടുക്കുന്ന ആക്രി തൊഴിലാളികളുടെ അന്നംമുട്ടിക്കുന്ന ഉയര്‍ന്ന ജിഎസ്ടി നിരക്ക് ഗണ്യമായി കുറച്ച് ആക്രി തൊഴില്‍ മേഖലയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് സോഷ്യല്‍ ഡമോക്രാറ്റിക് ട്രേഡ് യൂണിയന്‍ സംസ്ഥാന ജനറല്‍ സക്രട്ടറി നൗഷാദ് മംഗലശ്ശേരി ആവശ്യപ്പെട്ടു.

ഉയര്‍ന്ന ജിഎസ്ടി നികുതി മൂലം സാധനങ്ങള്‍ കയറ്റിറക്കുമ്പോള്‍ ഭീമമായ തുകയാണ് വ്യാപാരികള്‍ക്ക് നല്‍കേണ്ടി വരുന്നത്. ഇത് മൂലം ആക്രി സാധനങ്ങള്‍ സ്വീകരിക്കാന്‍ ഇവ ശേഖരിക്കുന്ന സ്ഥാപനങ്ങള്‍ വിമുഖത കാണിക്കുകയും ലഭിച്ചിരുന്ന വില നാലില്‍ ഒന്നായി കുറയ്ക്കുകയും ചെയ്തതിലൂടെ ഈ മേഖലയില്‍ രാവും പകലുമില്ലാതെ പണിയെടുക്കുന്ന കേരളത്തിലെ ഏകദേശം മൂന്നര ലക്ഷത്തോളം പേരുടെ കുടുംബങ്ങളാണ് ദുരിതം പേറുന്നത്. ഇത് കണ്ടില്ലെന്ന് നടിക്കുന്ന സര്‍ക്കാര്‍ നിലപാട് ജനങ്ങളുടെ ജീവിക്കാനുള്ള അവകാശം നിഷേധിക്കലിന് തുല്യമാണ്.

സര്‍ക്കാര്‍ നിലപാട് പുന:പരിശോധിച്ചില്ലെങ്കില്‍ തൊഴില്‍ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് തൊഴിലാളികളും വ്യാപാരികളും നടത്തുന്ന എല്ലാ സമരങ്ങള്‍ക്കും എസ്ഡിടിയു പിന്തുണ നല്‍കുമെന്നും വേണ്ടിവന്നാല്‍ സമര നേതൃത്വം ഏറ്റെടുക്കാന്‍ തയ്യാറാവുമെന്നും അദ്ദേഹം പറഞ്ഞു. 

Tags: