ബാനറിന്റെ പേരിൽ ജാമ്യമില്ലാ കേസ്: ബാലരാമപുരം സിഐയെ സസ്പെന്റ് ചെയ്യണമെന്ന് എസ്ഡിപിഐ

സിഐക്കെതിരേ നടപടി ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്യും. നാട്ടിലെ സമാധാന അന്തരീക്ഷം നിലനിർത്തേണ്ട നിയമപാലകർ തന്നെ അത് ലംഘിക്കുന്നത് ഗൗരവതരമാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി.

Update: 2020-02-04 15:45 GMT

തിരുവനന്തപുരം: ഗുജറാത്ത് ഓർമയുണ്ട് പക്ഷേ, ഷൂ നക്കരുത് എന്ന ബാനർ സ്ഥാപിച്ചുവെന്ന് ആരോപിച്ച് ബാലരാമപുരത്ത് രണ്ട് എസ്ഡിപിഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തത് അന്യായമാണെന്ന് എസ്ഡിപിഐ നേതാക്കൾ വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. ഇല്ലാത്ത മതസ്പർധയുണ്ടാക്കി പ്രവർത്തകരുടെ പേരിൽ കേസെടുത്ത ബാലരാമപുരം സിഐയെ സസ്പെന്റ് ചെയ്യണം.


നാട്ടിലെ സമാധാനവും സൗഹാർദവും തകർക്കുന്ന രീതിയിലുള്ള സിഐയുടെ ഇടപെടൽ തികച്ചും ഗൗരവകരമാണ്. പ്രവർത്തകർക്കെതിരെ 153 എ വകുപ്പ് പ്രകാരം കേസെടുത്ത സിഐക്കെതിരേ നടപടി ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്യും. നാട്ടിലെ സമാധാന അന്തരീക്ഷം നിലനിർത്തേണ്ട നിയമപാലകർ തന്നെ അത് ലംഘിക്കുന്നത് ഗൗരവതരമാണെന്നും എസ്ഡിപിഐ നേതാക്കൾ കുറ്റപ്പെടുത്തി. വാർത്താ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറിമാരായ ഷബീർ ആസാദ്, സിയാദ് തൊളിക്കോട്, കോവളം മണ്ഡലം പ്രസിഡന്റ് ഖാദർ പൂവാർ, നെയ്യാറ്റിൻകര മണ്ഡലം പ്രസിഡന്റ് സബീർ വഴിമുക്ക് പങ്കെടുത്തു.


സംഭവത്തിൽ സിഐക്കെതിരേ നടപടി ആവശ്യപ്പെട്ട് എസ്ഡിപിഐ കോവളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി അഷ്റഫ് പ്രാവച്ചമ്പലം പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു.


ജില്ലാ സെക്രട്ടറിമാരായ ഷബീർ ആസാദ്, സിയാദ് തൊളിക്കോട്, ജില്ലാ കമ്മിറ്റിയംഗം സജീവ് വഴിമുക്ക് സംസാരിച്ചു. കോവളം മണ്ഡലം പ്രസിഡന്റ് ഖാദർ പൂവാർ, മണ്ഡലം സെക്രട്ടറി മുജീബ്, നെയ്യാറ്റിൻകര മണ്ഡലം പ്രസിഡന്റ് സബീർ വഴിമുക്ക്, സെക്രട്ടറി സുനീർ പച്ചിക്കോട്, പാറശാല മണ്ഡലം പ്രസിഡന്റ് അഹ്മദ് കളിയിക്കാവിള തുടങ്ങിയവർ നേതൃത്വം നൽകി.


ബിജെപി സംഘടിപ്പിച്ച ജനജാഗ്രതാ സദസ്സിനെതിരെ കഴിഞ്ഞ ജനുവരി 29ന് ബാലരാമപുരം ജംഗ്ഷനിൽ ചില യുവാക്കൾ ബാനർ കെട്ടാൻ ശ്രമിച്ചതിനെതിരെയാണ് ബാലരാമപുരം പോലിസ് മതസ്പർദ്ധ വളർത്തി എന്നാരോപിച്ച് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തു. "ഗുജറാത്തല്ല ഇത് കേരളമാണ്, ഷൂ നക്കരുത്" എന്ന തലക്കെട്ടിൽ ബാനർ കെട്ടാനാണ് ശ്രമിച്ചത്.


എന്നാൽ പോലിസ് ഇടപ്പെട്ടത് കാരണം ആ ബാനർ കെട്ടിയിരുന്നില്ല. എന്നാൽ ദിവസങ്ങൾ കഴിഞ്ഞ് ഇന്നലെ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്യുകയായിരുന്നു. ബാലരാമപുരം ലക്ഷം വീട്ടിൽ ഷമീർ, ഐത്തിയൂർ ഫാത്തിമ മൻസിലിൽ സിയാദ് എന്നിവരെയാണ് ബാലരാമപുരം പോലിസ് അറസ്റ്റ് ചെയ്തത്.

Tags:    

Similar News