വെഞ്ഞാറമൂടിൽ കൊല്ലപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകരുടെ വീടുകൾ എസ്ഡിപിഐ- പോപുലർ ഫ്രണ്ട് നേതാക്കൾ സന്ദർശിച്ചു
സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി യഥാർത്ഥ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. നിഷ്പക്ഷമായ അന്വേഷണത്തിലൂടെ സംഭവത്തിലെ ഗുഢാലോചന പുറത്തുകൊണ്ടുവരണം.
തിരുവനന്തപുരം: വെഞ്ഞാറമൂടിൽ കൊല്ലപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകരുടെ വീടുകൾ എസ്ഡിപിഐ- പോപുലർ ഫ്രണ്ട് നേതാക്കൾ സന്ദർശിച്ചു. എസ്ഡിപിഐ ജില്ലാ പ്രസിഡൻ്റ് സിയാദ് കണ്ടല, ജനറൽ സെക്രട്ടറി അഷ്റഫ് പ്രാവച്ചമ്പലം, സെക്രട്ടറി ഷബീർ ആസാദ്, ട്രഷറർ ജലീൽ കരമന, പോപുലർ ഫ്രണ്ട് തിരുവനന്തപുരം നോർത്ത് ജില്ലാ പ്രസിഡൻ്റ് റഫീഖ് മൗലവി പാങ്ങോട്, നുജൂം മൗലവി, നിസാമുദീൻ തച്ചോണം, റാഫി ഇലവുങ്കൽ, മാഹീൻ വെമ്പായം, അൻസർ കന്യാകുളങ്ങര, ഷാജഹാൻ വെഞ്ഞാറമൂട് തുടങ്ങിയവർ സംബന്ധിച്ചു. മരണപ്പെട്ട യുവാക്കളുടെ ബന്ധുക്കളുമായി നേതാക്കൾ ആശയവിനിമയം നടത്തി. ഉറ്റവരെ നഷ്ടപ്പെട്ട വേദനയിൽ കഴിയുന്ന കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.
സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി യഥാർത്ഥ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. നിഷ്പക്ഷമായ അന്വേഷണത്തിലൂടെ സംഭവത്തിലെ ഗുഢാലോചന പുറത്തുകൊണ്ടുവരണം. കൊലപാതകത്തിന് പിന്നാലെ പലയിടത്തും അക്രമം തുടരുകയാണ്. പ്രദേശത്ത് സമാധാന അന്തരീക്ഷം പുനസ്ഥാപിക്കാൻ അധികൃതർ അടിയന്തരമായി നടപടിയെടുക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
ഡിവൈഎഫ്ഐ തേവലക്കാട് യൂണിറ്റ് അംഗം മിഥിലാജ് (30), ഡിവൈഎഫ്ഐ കല്ലിങ്ങിൻമുഖം യൂണിറ്റ് പ്രസിഡന്റും സിപിഐ എം കല്ലിങ്ങിൻമുഖം ബ്രാഞ്ച് അംഗവുമായ ഹഖ് മുഹമ്മദ്(24) എന്നിവരെയാണ് തിരുവോണ തലേന്ന് 12.30ഓടെ വെഞ്ഞാറമൂട് തേമ്പാംമൂടിൽ വെച്ച് വെട്ടിക്കൊലപ്പെടുത്തിയത്. കോൺഗ്രസാണ് കൊലപാതകത്തിന് പിന്നിലെന്ന് സിപിഎം ആരോപിക്കുന്നു.
