മൂന്നാര്‍ അനധികൃത നിര്‍മാണം: രാജേന്ദ്രന്‍ എം.എല്‍എ രാജിവയ്ക്കണമെന്ന് എസ്.ഡി.പി.ഐ

ഹാരിസണിന്റെ ആയിരക്കണക്കായ കൈയേറ്റ ഭൂമി കരമടച്ച് നിയമവിധേയമാക്കുന്നതിനുള്ള നീക്കങ്ങളാണ് നടത്തുന്നതെന്നും കൈയേറ്റമൊഴിപ്പിക്കുമെന്ന ഇടതുമുന്നണി വാഗ്ദാനം പൊള്ളയാണെന്നു വ്യക്തമായിരിക്കുകയാണെന്നും റോയി അറയ്ക്കല്‍ കൂട്ടിച്ചേര്‍ത്തു.

Update: 2019-02-13 13:05 GMT

കോഴിക്കോട്: മൂന്നാര്‍ പഞ്ചായത്തിന്റെ അനധികൃത നിര്‍മാണം ഹൈക്കോടതി സ്‌റ്റേ ചെയ്ത പശ്ചാത്തലത്തില്‍ അനധികൃത നിര്‍മാണത്തിനു കൂട്ടുനില്‍ക്കുകയും സബ് കലക്ടറുടെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിനു തടസ്സം നില്‍ക്കുകയും ചെയ്ത എസ്. രാജേന്ദ്രന്‍ എം.എല്‍.എ സ്ഥാനം രാജിവയ്്ക്കണമെന്നു എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. മൂന്നാറിലെ അനധികൃത കൈയേറ്റവും നിര്‍മാണവും സംരക്ഷിക്കുന്നതില്‍ യു.ഡി.എഫും എല്‍.ഡി.എഫും ബി.ജെ.പിയും ഒരേ തൂവല്‍ പക്ഷികളാണ്. യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്ത് നടത്തുന്ന നിര്‍മാണത്തെ പിന്തുണയ്ക്കുന്ന സി.പി.എം എം.എല്‍.എ എസ് രാജേന്ദ്രന്റെ നിലപാട് ഇവരുടെ ഒത്തുതീര്‍പ്പ് രാഷ്ട്രീയം വ്യക്തമാക്കുന്നു. സബ് കലക്ടര്‍ നിര്‍മാണം തടയുകയും കേസ് ഹൈക്കോടതിയിലെത്തിയതും മൂലമാണ് ഇപ്പോള്‍ ഈ അനധികൃത നിര്‍മാണം ചര്‍ച്ചയായത്. ഇത്തരത്തില്‍ ഇരുമുന്നണികളുടെയും പിന്തുണയോടെയും ആശീര്‍വാദത്തോടെയും നിരവധി അനധികൃത കൈയേറ്റങ്ങളും നിര്‍മാണങ്ങളുമാണ് സംസ്ഥാനത്ത് നടക്കുന്നത്. ഇടതുമുന്നണി സര്‍ക്കാരാവട്ടെ അധികാരത്തിലെത്തിയതു മുതല്‍ കൈയേറ്റക്കാരെയും ഭൂമാഫിയയെയും സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഹാരിസണിന്റെ ആയിരക്കണക്കായ കൈയേറ്റ ഭൂമി കരമടച്ച് നിയമവിധേയമാക്കുന്നതിനുള്ള നീക്കങ്ങളാണ് നടത്തുന്നതെന്നും കൈയേറ്റമൊഴിപ്പിക്കുമെന്ന ഇടതുമുന്നണി വാഗ്ദാനം പൊള്ളയാണെന്നു വ്യക്തമായിരിക്കുകയാണെന്നും റോയി അറയ്ക്കല്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News