എം എസ് മണിയുടെ നിര്യാണത്തില്‍ എസ്ഡിപിഐ അനുശോചിച്ചു

എസ്ഡിപിഐ സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി തിരുവനന്തപുരം ജില്ലാക്കമ്മിറ്റി നേതാക്കൾ അദ്ദേഹത്തിന്റെ വസതിയിലെത്തി മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിച്ചു.

Update: 2020-02-18 09:30 GMT

തിരുവനന്തപുരം: കലാകൗമുദിയുടെ ചീഫ് എഡിറ്ററും കേരള കൗമുദിയുടെ മുന്‍ എഡിറ്റര്‍ ഇന്‍ചീഫുമായ എം എസ് മണിയുടെ നിര്യാണത്തില്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി അനുശോചിച്ചു. മലയാള മാധ്യമപ്രവര്‍ത്തന രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച പത്രാധിപരായിരുന്നു എം എസ് മണിയെന്ന് അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു. പിതാമഹനായ സി വി കുഞ്ഞിരാമന്റെയും പിതാവ് കെ സുകുമാരന്റെയും പാത പിന്‍തുടര്‍ന്ന എം എസ് മണി നിസ്തുലമായ സംഭാവനകള്‍ അര്‍പ്പിച്ചാണ് കടന്നുപോയത്. ശബ്ദമില്ലാത്തവന്റെ ശബ്ദമായും നിര്‍ഭയനായ അവകാശ പേരാളിയായും അദ്ദേഹത്തിന്റെ മാധ്യമപ്രവര്‍ത്തന ചരിത്രം കാലം അടയാളപ്പെടുത്തുകതന്നെ ചെയ്യും. അദ്ദേഹത്തിന്റ ആകസ്മിക വേര്‍പാടിലുള്ള ദുഃഖത്തില്‍ കുടുംബാംഗങ്ങളോടൊപ്പം താനും പങ്കുചേരുന്നതായി അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു.

എസ്ഡിപിഐ സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി തിരുവനന്തപുരം ജില്ലാക്കമ്മിറ്റി നേതാക്കൾ അദ്ദേഹത്തിന്റെ വസതിയിലെത്തി മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് വേലുശേരി അബ്ദുസ്സലാം, ജില്ലാ സെക്രട്ടറി ഷബീർ ആസാദ്, ട്രഷറർ ജലീൽ കരമന, പാളയം ബ്രാഞ്ച് കമ്മിറ്റിയംഗം ബാദുഷ എന്നിവർ സംബന്ധിച്ചു.

Tags:    

Similar News