മലപ്പുറം ജില്ലയിലെ പ്ലസ്‌വണ്‍ സീറ്റ് അപര്യാപ്തത: പുതിയ ബാച്ചുകള്‍ അനുവദിക്കണമെന്ന് എസ് ഡിപിഐ

സംസ്ഥാനത്തിന്റെ ഒരുഭാഗത്ത് ആവശ്യത്തിലേറെ പ്ലസ്‌വണ്‍ ബാച്ചുകളും സീറ്റുകളുമുണ്ടാവുകയും മലപ്പുറത്ത് പതിനായിരങ്ങള്‍ പുറത്തിരിക്കുകയും ചെയ്യുന്ന വിവേചനത്തിന് ശാശ്വതമായ പരിഹാരം കാണണം. ഒരു അധ്യയനവര്‍ഷം മാത്രം കാലാവധിയുള്ള പത്തോ ഇരുപതോ ശതമാനം താല്‍ക്കാലിക സീറ്റുവര്‍ധനവുകൊണ്ട് പ്രശ്‌നം പരിഹരിക്കപ്പെടില്ലെന്നതിന് കഴിഞ്ഞ വര്‍ഷങ്ങള്‍തന്നെ സാക്ഷിയാണെന്ന് ജില്ലാ കമ്മിറ്റി ചൂണ്ടിക്കാട്ടി.

Update: 2020-10-13 14:18 GMT

മലപ്പുറം: എസ്എസ്എല്‍സി പരീക്ഷയില്‍ 70 ശതമാനത്തിലധികം മാര്‍ക്ക് നേടിയ വിദ്യാര്‍ഥികള്‍ക്കുപോലും മലപ്പുറം ജില്ലയില്‍ പ്ലസ്‌വണ്ണിന് പ്രൈവറ്റ് രജിസ്‌ട്രേഷന്‍ സംവിധാനങ്ങളെ ആശ്രയിക്കേണ്ട ഗതികേടുവരികയാണെന്ന് എസ് ഡിപിഐ. മാറിമാറി അധികാരത്തിലേറിയ ഇടതുവലതു സര്‍ക്കാരുകള്‍ ജില്ലയിലെ പ്ലസ്‌വണ്‍ സീറ്റ് പ്രശ്‌നത്തിന് ശാശ്വതപരിഹാരമുണ്ടാവുംവിധം നടപടികളെടുക്കാന്‍ ശ്രമം നടത്തിയിട്ടില്ല. ഈ പ്രശ്‌നത്തിന് ശാശ്വതപരിഹാരമുണ്ടാക്കണമെന്ന് എസ് ഡിപിഐ ജില്ലാ കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ജില്ലയിലെ സീറ്റ് പ്രശ്‌നത്തിന് പ്രധാന ഉത്തരവാദി വര്‍ഷങ്ങളായി വിദ്യാഭ്യാസവകുപ്പ് കൈകാര്യം ചെയ്ത മുസ്‌ലിം ലീഗാണെന്നും അവര്‍ മലപ്പുറത്തെ ജനങ്ങളെ പരിഹസിക്കുകയാണെന്നും കമ്മിറ്റി കുറ്റപ്പെടുത്തി. ഈ വര്‍ഷത്തെ കണക്കനുസരിച്ച് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാംകുളം ജില്ലകളില്‍ എസ്എസ്എല്‍സി പാസായവരേക്കാള്‍ പ്ലസ്‌വണ്‍ സീറ്റുകളുണ്ട്. മറ്റ് ഉപരിപഠനസാധ്യതകളായ വിഎച്ച്എസ്ഇ, ഐടിഐ, പോളിടെക്‌നിക് എന്നിവ വേറെയും.

സംസ്ഥാനത്തിന്റെ ഒരുഭാഗത്ത് ആവശ്യത്തിലേറെ പ്ലസ്‌വണ്‍ ബാച്ചുകളും സീറ്റുകളുമുണ്ടാവുകയും മലപ്പുറത്ത് പതിനായിരങ്ങള്‍ പുറത്തിരിക്കുകയും ചെയ്യുന്ന വിവേചനത്തിന് ശാശ്വതമായ പരിഹാരം കാണണം. ഒരു അധ്യയനവര്‍ഷം മാത്രം കാലാവധിയുള്ള പത്തോ ഇരുപതോ ശതമാനം താല്‍ക്കാലിക സീറ്റുവര്‍ധനവുകൊണ്ട് പ്രശ്‌നം പരിഹരിക്കപ്പെടില്ലെന്നതിന് കഴിഞ്ഞ വര്‍ഷങ്ങള്‍തന്നെ സാക്ഷിയാണെന്ന് ജില്ലാ കമ്മിറ്റി ചൂണ്ടിക്കാട്ടി. കുറച്ചുവര്‍ഷങ്ങളായി ഈ താല്‍ക്കാലിക ചെപ്പടിവിദ്യ കാണിച്ച് ജനരോഷം മറികടക്കുകയാണ് സര്‍ക്കാരുകള്‍ ചെയ്യുന്നത്.

തെക്കന്‍ ജില്ലകളില്‍ വിദ്യാര്‍ഥികളില്ലാതെ കാലിയായി ക്കിടക്കുന്ന ഒന്നോ രണ്ടോ ബാച്ചുകള്‍ ഒരുവര്‍ഷത്തിന് മാത്രമായി കൊണ്ടുവരുന്ന താല്‍ക്കാലിക നീക്കുപ്പോക്കുകളെല്ലാം ഇതിന്റെ ഭാഗമായാണ് കാണേണ്ടത്. സ്ഥിരമായ പരിഹാരത്തിന് മലപ്പുറം ജില്ലയില്‍ ആവശ്യമായ പുതിയ ബാച്ചുകള്‍ അനുവദിക്കുക മാത്രമാണ് പരിഹാരം. മലപ്പുറം ജില്ലയിലെ 85 സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറികളിലും ആവശ്യാനുസരണം മൂന്ന് ഗ്രൂപ്പുകളിലുമുള്ള പ്ലസ്‌വണ്‍ ബാച്ചുകള്‍ അനുവദിച്ചാല്‍ പ്രതിസന്ധിക്ക് അല്‍പ്പമെങ്കിലും പരിഹാരമാവും.

മലപ്പുറം ജില്ലയില്‍ 19 സര്‍ക്കാര്‍ ഹൈസ്‌കൂളുകളില്‍ ഇപ്പോഴും ഹയര്‍ സെക്കന്‍ഡറിയില്ല. ഇവിടങ്ങളില്‍ ഭൗതിക സൗകര്യമൊരുക്കി ഉടന്‍ ഹയര്‍ സെക്കന്‍ഡറി കോഴ്സുകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറവണം. നിലവിലെ അനുപാതമനുസരിച്ചുതന്നെ ഒരു ക്ലാസില്‍ 50 വിദ്യാര്‍ഥികളുണ്ടായിരിക്കെ താല്‍ക്കാലികമായി സീറ്റ് വര്‍ധിപ്പിക്കുകയെന്നത് പരിഹാരമേയല്ല. ഇത് മലപ്പുറത്തെ കുട്ടികളുടെ പഠനനിലവാരത്തെ ദോഷകരമായി ബാധിക്കാന്‍ കാരണമാവുന്നുമുണ്ടെന്ന് ജില്ലാ കമ്മിറ്റി ചൂണ്ടിക്കാട്ടി. യോഗത്തില്‍ പ്രസിഡന്റ് സി പി എ ലത്തീഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ ജലീല്‍ നീലാബ്ര, ഡോ.സി എച്ച് അഷ്‌റഫ്, ജനറല്‍ സെക്രട്ടറി എ കെ അബ്ദുല്‍ മജീദ്, സെക്രട്ടറി പി ഹംസ തുടങ്ങിയവര്‍ സംസാരിച്ചു.

Tags:    

Similar News