ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരേ പ്രതിരോധം തീര്‍ത്ത് എസ്ഡിപിഐ സിറ്റിസണ്‍സ് മാര്‍ച്ച്

വൈകീട്ട് മൂന്നുമണിക്ക് കിഴക്കേകോട്ട ഗാന്ധിപാര്‍ക്കില്‍നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. രാവിലെ തന്നെ തിരുവനന്തപുരം നഗരത്തില്‍ സമരാവേശം അലയടിച്ചിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് നൂറുകണക്കിനാളുകള്‍ രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാനുള്ള പോരാട്ടത്തിന് ഐക്യദാര്‍ഢ്യമര്‍പ്പിക്കാന്‍ എത്തിക്കൊണ്ടിരുന്നു. ഉച്ചയോടെ നഗരം ജനനിബിഡമായി.

Update: 2020-02-01 16:29 GMT

തിരുവനന്തപുരം: മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കാന്‍ ലക്ഷ്യമിട്ട് കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരേ എസ്ഡിപിഐ രാജ്ഭവനിലേക്ക് നടത്തിയ സിറ്റിസണ്‍സ് മാര്‍ച്ച് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഫാഷിസ്റ്റ് ഭരണകൂടത്തിന് കനത്ത താക്കീതായി. 'സിഎഎ പിന്‍വലിക്കുക, എന്‍ആര്‍സി ഉപേക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക' എന്നീ ആവശ്യങ്ങളുന്നയിച്ച് എസ്ഡിപിഐ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'കേരളം രാജ്ഭവനിലേക്ക്' സിറ്റിസണ്‍സ് മാര്‍ച്ച് അനന്തപുരിയുടെ തെരുവീഥികളില്‍ പുതുചരിത്രമാണ് സൃഷ്ടിച്ചത്.


 ഇന്ത്യയെ മതാടിസ്ഥാനത്തില്‍ വിഭജിക്കാനുള്ള സംഘപരിവാറിന്റെ ആസൂത്രിത അജണ്ട വകവച്ചുകൊടുക്കില്ലെന്ന് ഒരേസ്വരത്തില്‍ പ്രഖ്യാപിക്കുന്നതായിരുന്നു മാര്‍ച്ച്. സിഎഎ പിന്‍വലിക്കുക, എന്‍ആര്‍സി ഉപേക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക, സിഎഎ ജനങ്ങളെ മതാടിസ്ഥാനത്തില്‍ വിഭജിക്കുന്നത്, ഇന്ത്യന്‍ ജനാധിപത്യം അപകടത്തില്‍, ഇന്ത്യയെ വിഭജിക്കാന്‍ അനുവദിക്കില്ല തുടങ്ങിയ മുദ്രാവാക്യങ്ങളടങ്ങിയ പ്ലക്കാര്‍ഡുകളുമായാണ് പൗരസമൂഹം ചുവടുകള്‍ വച്ചത്.


 ജനലക്ഷങ്ങള്‍ മഹാപ്രവാഹമായി തലസ്ഥാനത്തേക്ക് ഒഴുകിയെത്തിയതോടെ ചരിത്രസംഭവത്തിനാണ് ഭരണസിരാകേന്ദ്രം സാക്ഷിയായത്. നക്ഷത്രാങ്കിത പതാകയ്ക്ക് കീഴില്‍ അണിനിരന്ന ജനലക്ഷങ്ങള്‍ സംഘപരിവാര ഭീകരതയ്ക്ക് മുന്നില്‍ കീഴടങ്ങാന്‍ മനസ്സില്ലെന്ന പ്രഖ്യാപനമാണ് നടത്തിയത്.


 വെറുപ്പും വിദ്വേഷവും മുഖമുദ്രയാക്കിയ സംഘപരിവാര വര്‍ഗീയഫാഷിസത്തിനും പശുവിന്റെയും പോത്തിന്റെയും പേരില്‍ ആള്‍ക്കൂട്ട കൊലപാതകം നടത്തുന്ന സംഘപരിവാരത്തിന്റെയും ജന്‍മംകൊണ്ട് ദലിതരായതിന്റെ പേരില്‍ രോഹിത് വെമുലമാര്‍ക്ക് ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്ന സവര്‍ണവെറിയന്‍മാരുടെയും പൈശാചികതകള്‍ക്കെതിരായ വേറിട്ട ശബ്ദമാണ് മാര്‍ച്ചിലുടനീളം മുഴങ്ങിക്കേട്ടത്.


 പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഡല്‍ഹിയിലെ ജുമാ മസ്ജിദിന് മുന്നിലെ സമരത്തിന്റെ നായകനും ഭീം ആര്‍മി നേതാവുമായ ചന്ദ്രശേഖര്‍ ആസാദ് രാവണ്‍ ആദ്യമായാണ് കേരളത്തിലെത്തുന്നത്. ആസാദ് അഭിസംബോധന ചെയ്യാനെത്തുന്നതുകൊണ്ടുതന്നെ എസ്ഡിപിഐ മാര്‍ച്ച് കേരളത്തില്‍ വലിയ ചര്‍ച്ചാവിഷയമായിരുന്നു.


 വൈകീട്ട് മൂന്നുമണിക്ക് കിഴക്കേകോട്ട ഗാന്ധിപാര്‍ക്കില്‍നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. രാവിലെ തന്നെ തിരുവനന്തപുരം നഗരത്തില്‍ സമരാവേശം അലയടിച്ചിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് നൂറുകണക്കിനാളുകള്‍ രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാനുള്ള പോരാട്ടത്തിന് ഐക്യദാര്‍ഢ്യമര്‍പ്പിക്കാന്‍ എത്തിക്കൊണ്ടിരുന്നു. ഉച്ചയോടെ നഗരം ജനനിബിഡമായി.


 എസ്ഡിപിഐ മാര്‍ച്ചിനോടനുബന്ധിച്ച് നഗരത്തില്‍ ഉച്ചയ്ക്കുശേഷം ട്രാഫിക് പോലിസ് ഗതാഗതക്രമീകരണമേര്‍പ്പെടുത്തിയിരുന്നു. ഒരുവശത്തുകൂടി സുഗമമായ വാഹനത്തിന് സൗകര്യമൊരുക്കി പൊതുജനസഞ്ചാരത്തിന് തടസ്സങ്ങളുണ്ടാക്കാതെ ചിട്ടയോടെയും കൃത്യമായ നിയന്ത്രണങ്ങളോടെയുമാണ് മാര്‍ച്ച് കടന്നുപോയത്. മാര്‍ച്ചിന്റെ മുന്‍നിരയിലായി ദേശീയ, സംസ്ഥാന, ജില്ലാ നേതാക്കള്‍ അണിനിരന്നു. കേരളക്കരയാകെ സമരാവേശം വിതറിയ മാര്‍ച്ച് അക്ഷരാര്‍ഥത്തില്‍ പൗരപ്രക്ഷോഭമായി മാറി.


 രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ പങ്കാളിയാവാന്‍ കൈക്കുഞ്ഞുകളുമായി സ്ത്രീകളും പ്രായമായവരും ഒത്തുചേര്‍ന്നത് വേറിട്ട കാഴ്ചയായി. ഗതാഗതക്കുരുക്കില്‍ അകപ്പെട്ടതിനാല്‍ നൂറുകണക്കിന് ബസ്സുകളിലെ ആളുകള്‍ക്ക് മാര്‍ച്ചില്‍ പങ്കെടുക്കാനായില്ല. വൈകീട്ട് മുന്നിന് തുടങ്ങിയ മാര്‍ച്ചില്‍ വൈകീട്ട് ഏഴുമണിയായിട്ടും ആളുകള്‍ എത്തിക്കൊണ്ടിരുന്നു. രാജ്ഭവന് സമീപം ബാരിക്കേഡ് ഉപയോഗിച്ച് മാര്‍ച്ച് പോലിസ് തടഞ്ഞു.


  രാജ്ഭവന് മുന്നില്‍ പ്രതിഷേധസംഗമം പുരോഗമിക്കുമ്പോഴും മാര്‍ച്ചിന്റെ പിന്‍നിര കിഴക്കേകോട്ട വിട്ടിരുന്നില്ല. രോഹിത് വെമുല രക്തസാക്ഷി ദിനമായ ജനുവരി 17ന് കാസര്‍ഗോഡ് നിന്നാരംഭിച്ച മാര്‍ച്ച് സംസ്ഥാനത്തെ 13 ജില്ലകളില്‍ പര്യടനം പൂര്‍ത്തിയാക്കിയാണ് ഇന്ന് രാജ്ഭവനു മുന്നിലെത്തിയത്. എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്തു. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് രാവണ്‍ പ്രതിഷേധസംഗമത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. 

Tags:    

Similar News