എസ്ഡിപിഐ പ്രവര്‍ത്തനം വിപുലമാക്കും: ദഹ്‌ലാന്‍ ബാഖവി

Update: 2019-08-07 10:13 GMT

കൊച്ചി: സംസ്ഥാനത്ത് പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കണമെന്നും സംസ്ഥാനത്തെ ശക്തമായ പാര്‍ട്ടിയായി വളര്‍ത്തിക്കൊണ്ടുവരണമെന്നും എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് ദഹ്‌ലാന്‍ ബാഖവി. രണ്ടു ദിവസമായി എറണാകുളത്ത് നടന്ന വാര്‍ഷികാവലോകനയോഗത്തില്‍ സമാപന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് അവഗണിക്കാന്‍ കഴിയാത്ത പാര്‍ട്ടിയായി എസ്ഡിപിഐ വളര്‍ന്നിട്ടുണ്ട്. ഘടനയിലും സേവന പ്രവര്‍ത്തനങ്ങളിലും സമര പോരാട്ടങ്ങളിലും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും പാര്‍ട്ടി സജീവ സാന്നിധ്യമാണ്. തൊഴിലാളികളിലും വനിതകളിലും പ്രവാസികളിലും പാര്‍ട്ടിക്ക് സ്വാധീനമുണ്ടാക്കാന്‍ സാധിച്ചു. എല്ലാ വിഭാഗം ജനങ്ങള്‍ക്കും ആശ്വാസമാവാനും സംസ്ഥാനത്തെ മുഴുവന്‍ ബൂത്തുകളിലും സജീവ സാന്നിധ്യമാവാനും പാര്‍ട്ടിക്ക് സാധിക്കണം. പാര്‍ട്ടിയെ കൂടുതല്‍ പരിചയപ്പെടുത്തുവാനും ജനങ്ങളുടെ അഭിപ്രായ, നിര്‍ദേശങ്ങള്‍ ശേഖരിക്കാനും പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജനകീയ രാഷ്ട്രീയത്തിന്റെ പത്ത് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്ത സംസ്ഥാന കൗണ്‍സില്‍ കൂടുതല്‍ പ്രവര്‍ത്തന പദ്ധതികള്‍ ആവിഷ്‌കരിച്ചാണ് സമാപിച്ചത്. ദേശീയ ജനറല്‍ സെക്രട്ടറി അബ്ദുല്‍ മജീദ് മൈസൂര്‍ ചര്‍ച്ചകള്‍ നയിച്ചു. സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ മൂവാറ്റുപുഴ അശ്‌റഫ് മൗലവി, എം കെ മനോജ് കുമാര്‍, ജനറല്‍ സെക്രട്ടറിമാരായ പി അബ്ദുല്‍ ഹമീദ്, റോയി അറയ്ക്കല്‍, തുളസീധരന്‍ പള്ളിക്കല്‍, സെക്രട്ടറിമാരായ കെ കെ അബ്ദുല്‍ ജബ്ബാര്‍, മുസ്തഫ കൊമ്മേരി, പി ആര്‍ സിയാദ്, കെ എസ് ഷാന്‍, ട്രഷറര്‍ അജ്മല്‍ ഇസ്മായില്‍ സംസാരിച്ചു. 

Tags: