വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കാനുള്ള നീക്കം ഉപേക്ഷിക്കണം: എസ്ഡിപിഐ

വിമാനത്താവള നടത്തിപ്പ് മൂലധന ശക്തികളുടെ നിയന്ത്രണത്തിലാവുന്നത് യാത്രക്കാരെ കൂടുതല്‍ ചൂഷണം ചെയ്യാന്‍ ഇടയാക്കും. ലേലത്തില്‍ രണ്ടാം സ്ഥാനത്ത് സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ പൊതുമേഖലാ സ്ഥാപനമായ കെഎസ്‌ഐഡിസി ആണ്.

Update: 2019-02-25 15:25 GMT

തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍മാറണമെന്ന് എസ്ഡിപിഐ സംസ്ഥാന ട്രഷറര്‍ അജ്മല്‍ ഇസ്മായില്‍ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. വിമാനത്താവള നടത്തിപ്പ് മൂലധന ശക്തികളുടെ നിയന്ത്രണത്തിലാവുന്നത് യാത്രക്കാരെ കൂടുതല്‍ ചൂഷണം ചെയ്യാന്‍ ഇടയാക്കും. ലേലത്തില്‍ രണ്ടാം സ്ഥാനത്ത് സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ പൊതുമേഖലാ സ്ഥാപനമായ കെഎസ്‌ഐഡിസി ആണ്.

സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥനപ്രകാരം കെഎസ്‌ഐഡിസിക്ക് 10 ശതമാനം റൈറ്റ് ഓഫ് ഫസ്റ്റ് റഫ്യൂസല്‍ അനുവദിച്ചിരുന്നു. ഇതുപ്രകാരം, ഏറ്റവും കൂടുതല്‍ തുക നിര്‍ദേശിക്കുന്നത് മറ്റു രണ്ടു കമ്പനികളാണെങ്കില്‍പോലും തുക വര്‍ധിപ്പിക്കാന്‍ കെഎസ്‌ഐഡിസിക്ക് അവസരമുണ്ടാവുമെന്നിരിക്കേ തുറമുഖ നിയന്ത്രണം പൊതുമേഖലാ കമ്പനിയെ തന്നെ ഏല്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്നും അതിന് സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തുറമുഖ, ഖനന, ഊര്‍ജോല്‍പാദന മേഖലകളില്‍ ആധിപത്യമുള്ള അദാനി ഗ്രൂപ്പിന് വിമാനത്താവള നിയന്ത്രണം കൂടി നല്‍കുന്നത് ജനങ്ങളെ കൊള്ളയടിക്കാന്‍ ഇടയാക്കും. വിഴിഞ്ഞം തുറമുഖ പദ്ധതി ഏറ്റെടുത്ത അദാനി ഗ്രൂപ് പദ്ധതി പൂര്‍ത്തീകരിക്കാതെ മെല്ലെപ്പോക്ക് നടത്തുകയാണെന്നും അജ്മല്‍ ഇസ്മായില്‍ കൂട്ടിച്ചേര്‍ത്തു. 

Tags:    

Similar News