മുന്‍ വിഎസ്എസ്‌സി ഡയറക്ടര്‍ എസ് രാമകൃഷ്ണന്‍ അന്തരിച്ചു

പിഎസ്എല്‍വിയുടെ വികസനത്തില്‍ നിര്‍ണായക പങ്ക് വഹിച്ച ശാസ്ത്രജ്ഞനാണ്. 2013-14 കാലയളവിലാണ് വിഎസ്എസ്‌സി ഡയറക്ടറായി ചുമതല വഹിച്ചത്.

Update: 2020-12-01 09:26 GMT

തിരുവനന്തപുരം: മുന്‍ വിഎസ്എസ്‌സി ഡയറക്ടറും പ്രമുഖ ബഹിരാകാശ ശാസ്ത്രജ്ഞനുമായ എസ് രാമകൃഷ്ണന്‍ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് തിരുവനന്തപുരം പെരുന്താന്നിയിലെ വസതിയിലായിരുന്നു അന്ത്യം. പിഎസ്എല്‍വിയുടെ വികസനത്തില്‍ നിര്‍ണായക പങ്ക് വഹിച്ച ശാസ്ത്രജ്ഞനാണ്. 2013-14 കാലയളവിലാണ് വിഎസ്എസ്‌സി ഡയറക്ടറായി ചുമതല വഹിച്ചത്.

ഏറെക്കാലം വലിയമല എല്‍പിഎസ്‌സി ഡയറക്ടറായും പ്രവര്‍ത്തിച്ചു. 1996- 2002 കാലയളവില്‍ രാമകൃഷ്ണന്റെ നേതൃത്വത്തിലാണ് പിഎസ്എല്‍വിയുടെ പേ ലോഡ് ശേഷി 900 കിലോഗ്രാമില്‍നിന്ന് 1,500 കിലോഗ്രാമിലേക്ക് ഉയര്‍ത്തിയത്. പിഎസ്എല്‍വി സി 1, സി2, സി3, സി4 ദൗത്യങ്ങളുടെ മിഷന്‍ ഡയറക്ടറായിരുന്നു. ജിഎസ്എല്‍വി മാര്‍ക്ക് ത്രീ വികസനത്തിലും നിര്‍ണായക പങ്ക് വഹിച്ചു. 2003ല്‍ രാജ്യം പത്മശ്രീ നല്‍കി അദ്ദേഹത്തെ ആദരിച്ചു.

ചെന്നൈ സ്വദേശിയായ അദ്ദേഹം മികച്ച റാങ്കോടെയാണ് ഉന്നത വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചത്. മദ്രാസ് ഐഐടിയില്‍നിന്ന് എയ്‌റോസ്‌പേയ്‌സില്‍ ഒന്നാം റാങ്ക് നേടി. 1972 ആഗസ്തില്‍ ഐഎസ്ആര്‍ഒയില്‍ ചേര്‍ന്നു. ആദ്യവിക്ഷേപണ വാഹനമായ എസ്എല്‍വി - 3 വികസിപ്പിക്കുന്ന ടീമിലെ പ്രമുഖനായിരുന്നു. തുടര്‍ന്ന് പിഎസ്എല്‍വി, ജിഎസ്എല്‍സി റോക്കറ്റുകള്‍ വികസിപ്പിക്കുന്നതിലും മുഖ്യപങ്കാളിയായി.

Tags: