കോഴിക്കോട്: കേന്ദ്ര നയങ്ങള്‍ക്കെതിരെ തൊഴിലാളി സംഘടകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ പണിമുടക്കിന്റെ ഭാഗമായി കേരളം സ്തംഭിച്ചരിക്കെ പുതിയങ്ങാടിയില്‍ സംഘര്‍ഷം. പണിമുടക്ക് ദിനത്തില്‍ സ്‌കൂള്‍ തുറന്നു എന്നതിന്റെ പേരില്‍ പുതിയങ്ങാടി ജിഎംയുപി സ്‌കൂളിലാണ് സമാരാനുകൂലികളും നാട്ടുകാരും തമ്മില്‍ സംഘര്‍ഷമുണ്ടായത്.
പണിമുടക്കിനെ അവഗണിച്ചും അധ്യാപകരും കുറച്ച് കുട്ടികളും സ്‌കൂളില്‍ എത്തിയിരുന്നു. സമരവും പണിമുടക്കും നടന്ന കാലത്തെല്ലാം സ്‌കൂള്‍ പ്രവര്‍ത്തിക്കാറുണ്ട് എന്നായിരുന്നു പ്രധാനാധ്യാപകനായ അശോക് കുമാറും മറ്റ് അധ്യാപകരും പറയുന്നത്. എന്നാല്‍ ഇത് ദേശീയ പണിമുടക്ക് ആണെന്നും ഒരു സ്ഥാപനം പോലും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നുമാണ് സമരാനുകൂലികള്‍ പറഞ്ഞത്. ഇത് ഒടുവില്‍ വാക്ക് തര്‍ക്കത്തിലെത്തി. അധ്യാപകരെ പുറത്താക്കി സമരാനുകൂലികള്‍ സ്‌കൂളിന്റെ ഗേറ്റ് അടച്ചു. സംഘര്‍ഷം ശക്തമായതോടെ നാട്ടുകാരും ഇടപെട്ടു.
സമരനുകൂലികള്‍ക്കെതിരെ നാട്ടുകാര്‍ തിരിഞ്ഞതോടെ സംഗതി കൈയ്യാങ്കളിയിലെത്തി. സംഭവ സമയത്ത് സ്ഥലത്ത് നാല് പോലിസുകാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് കൂടുതല്‍ പോലിസ് സംഘം എത്തി രംഗം ശാന്തമാക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
ഒടുവില്‍ ബലപ്രയോഗം നടത്തിയാണ് പോലിസ് ഇരുവിഭാഗത്തെയും പിന്തിരിപ്പിച്ചത്. പരിക്കേറ്റെന്ന് ആരോപിച്ച് ഇരുവിഭാഗത്തിലെ ആളുകളും രംഗത്തെത്തി. സ്‌കൂള്‍ തുറന്ന് പ്രവര്‍ത്തിച്ചതില്‍ ഒരു തെറ്റുമില്ല എന്നാണ് പ്രധാനാധ്യാപകന്‍ അശോക് കുമാര്‍ പറയുന്നത്. ഇത് രാഷ്ട്രീയ മുതലെടുപ്പിന്റെ ഭാഗമാണെന്നും യഥാര്‍ഥ സമരക്കാര്‍ അല്ല സ്‌കൂള്‍ പൂട്ടിക്കാന്‍ വന്നതെന്നുമാണ് സ്‌കൂള്‍ അധികൃതരുടെ വാദം. അതേസമയം വയനാട്ടിലും സംഘര്‍ഷങ്ങള്‍ നടക്കുന്നുണ്ട്. വാഹനങ്ങള്‍ തടഞ്ഞും ബാങ്കുകളും കടകമ്പോളങ്ങളും അടപ്പിച്ചുമാണ് സമരാനുകൂലികള്‍ നിരത്തിലിറങ്ങി പ്രതിഷേധിക്കുന്നത്.
