സ്‌കൂള്‍ സമയമാറ്റം; സര്‍ക്കാരിന് കടുംപിടുത്തമില്ല, പരാതി ലഭിച്ചാല്‍ ചര്‍ച്ച ചെയ്യാം': മന്ത്രി വി ശിവന്‍കുട്ടി

Update: 2025-06-11 17:23 GMT

തിരുവനന്തപുരം: സ്‌കൂള്‍ സമയം മാറ്റുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാരിന് കടുംപിടുത്തമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സമസ്തയുടെ വിമര്‍ശനത്തിന് പിന്നാലെയാണ് പ്രതികരണം. സമയ ക്രമീകരണത്തില്‍ ഏതെങ്കിലും വിഭാഗത്തിന് ബുദ്ധിമുട്ടുണ്ടായെങ്കില്‍ ചര്‍ച്ച നടത്തുമെന്ന് വി ശിവന്‍കുട്ടി പറഞ്ഞു.ഹൈക്കോടതി അംഗീകാരം ഉണ്ടെങ്കില്‍ സ്‌കൂള്‍ സമയം കൂട്ടിയ ഉത്തരവ് പിന്‍വലിക്കാം. ആര്‍ക്കും ബുദ്ധിമുട്ടില്ലാത്ത ക്രമീകരണം നടത്താന്‍ കഴിയും. ആരും ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നും പരാതി ലഭിച്ചാല്‍ ചര്‍ച്ച ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

സ്‌കൂള്‍ സമയമാറ്റത്തില്‍ വിമര്‍ശനവുമായി സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുകോയ തങ്ങള്‍ രംഗത്തെത്തിയിരുന്നു. സ്‌കൂള്‍ സമയമാറ്റം മതപഠനം നടത്തുന്ന കുട്ടികളെ ബാധിക്കുമെന്നും ബുദ്ധിമുട്ട് മനസ്സിലാക്കിയുള്ള മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. സമസ്ത ചരിത്രം-കോഫി ടേബിള്‍ പുസ്തകത്തിന്റെ പ്രകാശന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജിഫ്രി തങ്ങള്‍.




Tags: