സ്‌കൂള്‍ പ്രവേശനോല്‍സവം: എസ്ഡിപിഐ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

Update: 2019-05-29 10:30 GMT

തിരുവനന്തപുരം: ഈദുല്‍ ഫിത്വര്‍ പ്രമാണിച്ച് സ്‌കൂള്‍ പ്രവേശനോല്‍സവം നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ പി അബ്ദുല്‍ മജീദ് ഫൈസി മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി. മുസ്‌ലിം സമൂഹത്തിന് വിശ്വാസപരമായി വളരെ പ്രധാനപ്പെട്ട ദിവസമാണ് റമദാന്‍ 29 എന്നും തൊട്ടടുത്ത ദിവസം ഈദുല്‍ ഫിത്വര്‍ ആവാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ജൂണ്‍ മൂന്നിന് നടത്താന്‍ തീരുമാനിച്ചിരിക്കുന്ന സ്‌കൂള്‍ പ്രവേശനോല്‍സവം നീട്ടിവയ്ക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.

സംസ്ഥാന ജനസംഖ്യയില്‍ നാലിലൊന്നിലധികം വരുന്ന മുസ്‌ലിം സമൂഹം ആരാധനകളും പെരുന്നാള്‍ ഒരുക്കങ്ങളും നടത്തുന്ന ദിവസമാണ് ജൂണ്‍ 3. പുതിയ അധ്യയനവര്‍ഷാരംഭത്തിന്റെ ഭാഗമായുള്ള സ്‌കൂള്‍ പ്രവേശനോല്‍സവത്തില്‍ വിദ്യാര്‍ഥികള്‍ക്ക് രക്ഷകര്‍ത്താക്കളോടൊപ്പം പങ്കെടുക്കുന്നതിന് ഇത് തടസ്സമാവും. ആയതിനാല്‍ പ്രവേശനോല്‍സവം ഈദുല്‍ ഫിത്വറിനുശേഷം ജൂണ്‍ ആറിനോ അതിനുശേഷമോ ആക്കണമെന്നും ഈദുല്‍ ഫിത്വര്‍ പ്രമാണിച്ച് സര്‍ക്കാര്‍ അവധി മൂന്നുദിവസമാക്കണമെന്നും ഫൈസി നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

Tags:    

Similar News